വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷക്ക വിധിക്കപ്പെട്ട നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് പരോള്‍. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ നളിനി പുറത്തിറങ്ങും. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് പരോള്‍ ലഭിച്ചത്. നളിനി ഇപ്പോള്‍ തമിഴ്നാട്ടിലെ വിയ്യൂര്‍ ജയിലിലാണ്.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.
രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകന്, ഭാര്യ നളിനി, ശാന്തന്, പേരളിവാളന് എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും വിധിച്ചു. എന്നാല്‍ നളിനിയുടെ ഇളവിനുള്ള അപേക്ഷകള്‍ക്കൊടുവില്‍ ശിക്ഷ ജീവപര്യന്തമായി കുറക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.