02.26 Am 29/10/2016
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ ഒളിച്ചുകളി തുടരുന്ന കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി പരാമർശം. ജഡ്ജിമാരുടെ നിയമനങ്ങൾ വൈകിയാൽ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെല്ലാം അടച്ചുപൂട്ടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജഡ്ജിമാരുടെ അഭാവം കാരണം പല കോടതികളിലും കേസുകൾ കെട്ടികിടക്കുകയാണ്. രാജ്യത്തെ കോടതികളെല്ലാം അടച്ചുപൂട്ടണമെന്നാണോ കേന്ദ്ര സർക്കാർ നിലപാടെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ജഡ്ജിമാരുടെ കൊളീജിയം നിർദ്ദേശിച്ച പേരുകൾ കേന്ദ്ര സർക്കാരിന് സ്വീകാര്യമല്ലെങ്കിൽ അക്കാര്യം അറിയിക്കണം. നിയമനങ്ങൾ വൈകിയാൽ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ 11–ലേക്ക് മാറ്റി.