രാഹുല്‍ നാളെ അങ്കമാലിയില്‍

09/2/2016
download (2)

കൊച്ചി: നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ദേശീയ നിര്‍വാഹക സമിതിയോഗം 10നും 11നും അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ റോജി എം. ജോണ്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് രാവിലെ 10ന് ആരംഭിക്കും. വൈകുന്നേരം 4.30ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്മാര്‍, ദേശീയ ഭാരവാഹികള്‍, കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമര പോരാളികള്‍, ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലക്കൊപ്പം പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍, മദ്രാസ് ഐ.ഐ.ടി അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരും യോഗത്തിനത്തെും. വിദ്യാര്‍ഥി സമരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ചചെയ്യും. മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെ എ.ഐ.സി.സി നേതാക്കളും വി.എം. സുധീരന്‍, രമേശ് ചെന്നിത്തല അടക്കം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
കേരളത്തില്‍ പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്‌ളെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റോജി പറഞ്ഞു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. അഴിമതി ഉള്‍പ്പെടെ ആരോപണങ്ങള്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് തടസ്സമാണ്. അതേസമയം, സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള രാഷ്ട്രീയബോധം യുവതലമുറക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.