കൈറോ: അലക്സാന്‍ഡ്രിയയില്‍ നിന്നും കൈറോവിലേക്കുള്ള യാത്രക്കിടെ ആയുധധാരി തട്ടിക്കൊണ്ടുപോയ ഈജിപ്ത് എയര്‍ വിമാനം സൈപ്രസിലെ ലര്‍നാകയില്‍ ഇറക്കി. ഈജിപ്റ്റ് എയറിന്റെ എ320 വിമാനമാണ് തട്ടിയെടുത്തത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച ചാവേര്‍ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
81 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പ്രാദേശികസമയം 8.50നാണ് വിമാനം ലര്‍നാക വിമാനത്താവളത്തിലിറക്കിയത്. യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്.
ലര്‍നാക് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റാഞ്ചികള്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. റാഞ്ചലിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.