10:01AM 9/3/2016
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും. ബുധനാഴ്ച രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ സി.ബി.ഐക്ക് ചോദ്യംചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനത്തെുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന് കോടതിയില്‍ കീഴടങ്ങിയത്. കോടതി ഒരു മാസം റിമാന്‍ഡ് ചെയ്തെങ്കിലും ജയരാജന് ഒരു ദിവസംപോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികിത്സക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളജിലുമായി കഴിയുകയായിരുന്ന ജയരാജന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 11ന് തീരാനിരിക്കെയാണ് മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചത്. ജയരാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
മെഡിക്കല്‍ കോളജിലത്തെി ചോദ്യം ചെയ്യുന്നതിനുപകരം ജയരാജനെ ജയിലിലത്തെിക്കാനുള്ള സൗകര്യം ആവശ്യപ്പെട്ട് സൂപ്രണ്ടിനെ സമീപിക്കാനാണ് സി.ബി.ഐ ശ്രമം. വിടുതല്‍ തേടി ജയില്‍ സൂപ്രണ്ട് ആശുപത്രിക്ക് അപേക്ഷ നല്കിയാല് ജയരാജനെ പരിശോധിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിലാണ് ഡിസ്ചാര്‍ജ് അനുവദിക്കുക. അതേസമയം, ജയരാജന്റെ വെട്ടേറ്റ ഇടത് കൈക്ക് വേദനയുള്ളതിനാല്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വിദഗ്ധ പരിശോധന പുരോഗമിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച് പ്രതികരിക്കാനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ഹൃദ്രോഗവിഭാഗമായിരുന്നു അദ്ദേഹത്തെ നേരത്തേ പരിശോധിച്ചിരുന്നത്. ഇപ്പോള്‍ മെഡിസിന് വിഭാഗത്തിന് കീഴിലാണ് ചികിത്സ.