09:17 AM 01/11/2016
തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷന്‍ രംഗം തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അസോസിയേഷന് പുറമെ റേഷന്‍ ഡീലേഴ്സ് ഓര്ഗനൈസേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് എന്നിവര്‍ അടങ്ങിയ സംയുക്ത സമര സമിതിയാണ് സമരം തുടങ്ങുന്നത്. ചൊവ്വാഴ്ച താലൂക്ക് സപൈ്ള ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.
വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, കമീഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വെട്ടിക്കുറച്ച റേഷന്‍ ക്വാട്ട പുന$സ്ഥാപിക്കുക, ബി.പി.എല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, പുതുക്കിയ കാര്‍ഡ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
88 ലക്ഷം കാര്‍ഡുടമകളുള്ള കേരളത്തില്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ 28 ലക്ഷം പേര്‍ക്കേ അര്‍ഹതയുണ്ടാകൂ. 60 ലക്ഷം പേര് പുറത്തുപോകുന്നത് തങ്ങളുടെ തൊഴില്‍സുരക്ഷയെയും ബാധിക്കുമെന്ന് റേഷന്‍കട ഭാരവാഹികള്‍ പറഞ്ഞു.
ഈമാസം രണ്ടിന് തൃശൂരില്‍ ചേരുന്ന സംയുക്ത സമര സമിതി യോഗം ഭാവി സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് അസോസിയേഷന് ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ഡി. പോള്‍, ജോണ്സണ് മാഞ്ഞള, സി.പി. ജോയ് എന്നിവര്‍ അറിയിച്ചു.