ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം

10:20am

10/02/2016
siachen-1
ന്യൂഡല്‍ഹി: സിയാചിനിലെ ഹിമപാതത്തില്‍ മഞ്ഞിനടിയില്‍ അകപ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പയുടെ വൃക്കകളും കരളും തകരാറിലാണെന്ന് ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. താഴ്ന്ന രക്തസമ്മര്‍ദ്ദവും ന്യൂമോണിയ ബാധയും കൂടുതല്‍ ആശങ്കകള്‍ക്ക് ഇടനല്‍കുന്നുണ്ട്. 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീര ഭാഗങ്ങള്‍ തണുത്തുറഞ്ഞതിനാല്‍ ഹനുമന്തപ്പ കോമയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ എല്ലുകള്‍കള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല.

സിയാചിനിലെ ഹിമപാതത്തില്‍ 25 അടിയോളം മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ ഏഴാം നാളിലാണ് സൈന്യം അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. മഞ്ഞുപാളികള്‍ തലക്കു മുകളില്‍ പതിച്ചപ്പോള്‍ ഭാഗ്യംകൊണ്ട് രൂപപ്പെട്ട വായുഅറയില്‍പെട്ടതാണ് ജീവന്‍ നിലനിര്‍ത്താന്‍ ഹനുമന്തപ്പയെ സഹായിച്ചത്. കര്‍ണാടക ദര്‍വാഡ സ്വദേശിയാണ് ഹനുമന്തപ്പ. സൈനിക ആശുപത്രിയിലെത്തി ഹനുമന്തപ്പയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതായി പറഞ്ഞു. ഹനുമന്തപ്പയുടെ സഹനശേഷിയും അജയ്യതയും വിവരിക്കാന്‍ വാക്കുകളില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീകരും ആശുപത്രിയിലത്തെി.