ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീലും അര്‍ജന്റീനയും

12:28pm 19/3/2016
download (2)

കൊര്‍ദോബ: ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും കളത്തില്‍. നാലു ദിവസം മുമ്പ് ചിലിയെ തകര്‍ത്തെറിഞ്ഞ ആവേശവുമായി സ്വന്തംമണ്ണിലത്തെിയ അര്‍ജന്റീന ബൊളീവിയയെ നേരിടുമ്പോള്‍, മികച്ച ഫോമിലുള്ള പരഗ്വേയാണ് ബ്രസീലിന് എവേ മാച്ചില്‍ എതിരാളി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെയാണ് മത്സരം. മറ്റു മത്സരങ്ങള്‍: കൊളംബിയ-എക്വഡോര്‍, ഉറുഗ്വായ് -പെറു, വെനിസ്വേല -ചിലി.

ലയണല്‍ മെസ്സിയുടെ തിരിച്ചുവരവിന്റെ വീര്യവുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപ അമേരിക്കക്കു ശേഷം ചിലിക്കെതിരായ മത്സരത്തിലൂടെ തിരിച്ചത്തെിയ മെസ്സി ഗോളടിച്ചില്‌ളെങ്കിലും നിര്‍ണായക പ്രകടനവുമായി കളംനിറഞ്ഞിരുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ യാവിയര്‍ മഷറാനോയും ജെറാര്‍ഡോ മാര്‍ട്ടിനോയുടെ പ്‌ളെയിങ് ഇലവനില്‍ തിരിച്ചത്തെും. അതേസമയം, ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ ഡെമിഷലിസിന്റെ വിടവാങ്ങല്‍ മത്സരമാവും ഇന്നത്തേതെന്നും റിപ്പോര്‍ട്ടുണ്ട്. ബൊളീവിയക്കെതിരായ മത്സരം കളിച്ച ശേഷം 35കാരനായ മാഞ്ചസ്റ്റര്‍സിറ്റി താരം ദേശീയ കുപ്പായമഴിക്കുമെന്നാണ് വാര്‍ത്ത. റഷ്യ ലോകകപ്പില്‍ കളിക്കില്‌ളെന്ന് അറിയിച്ച ഡെമിഷലിസ് തന്നെയാണ് നല്ലകാലത്ത് കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്. ‘ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ല. പക്ഷേ, ഒട്ടേറെ പുതുമുഖക്കാരുണ്ട്. അവര്‍ക്കായി വഴിമാറുകയാണ്. എന്റെ ജന്മനാടുകൂടിയായ കൊര്‍ദോബയാണ് കളി മതിയാക്കാന്‍ ഇഷ്ടമൈതാനം’ -2005 മുതല്‍ അര്‍ജന്റീന പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമായ ഡെമിഷലിസ് പറഞ്ഞു. മാര്‍ട്ടിനോയുടെ പ്‌ളെയിങ് ഇലവനിലും സിറ്റി താരമിറങ്ങും.