തിരുവനന്തപുരം: വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു. മന്ത്രി ഇ.പി.ജയരാജന്റെ കേസ് പരിഗണിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് കോടതിയിൽ നിന്ന് ഒരു സംഘം അഭിഭാഷകർ ഇറക്കിവിട്ടത്.
ജഡ്ജിയുടെ മുമ്പിൽ വെച്ചായിരുന്നു അഭിഭാഷകരുടെ അതിക്രമം. പൊലീസ് നോക്കിനിൽക്കെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റവും ഇറക്കിവിടലും നടന്നത്. മീഡിയ റൂമിലെ മാധ്യമ സ്ഥാപനങ്ങളുടെ പേരെഴുതിയ ബോർഡുകളും ഒരു സംഘം അഭിഭാഷകർ തകർത്തു.
ഇന്ന് രാവിലെ മുതൽ തന്നെ വാർത്ത റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ വഞ്ചിയൂർ കോടതിയിൽ എത്തിയിരുന്നു. 40 മിനിറ്റോളം കോടതി മുറിയിൽ തുടർന്ന മാധ്യമപ്രവർത്തകരോട് ജയരാജനെതിരായ കേസ് പരിഗണനക്കെടുത്തപ്പോഴാണ് ഒരു സംഘം അഭിഭാഷകർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ഇറങ്ങിപ്പോകാൻ സമ്മതിക്കാതിരുന്ന മാധ്യമ പ്രവർത്തകരെ അഭിഭാഷകർ ബലം പ്രയോഗിച്ച് ഇറക്കി വിട്ടു. അപ്പോഴും കോടതി മുറിയിൽ തന്നെ തുടർന്ന വനിതാ മാധ്യമ പ്രവർത്തകർക്കു നേരെയും ഭീഷണികളുണ്ടായി. പിന്നീട് വനിതാ പൊലീസുകാരെത്തിയാണ് ഇവരെ കോടതിമുറിക്കുള്ളിൽ നിന്നും പുറത്തെത്തിച്ചത്.