മോസ്കോ: 16 വര്‍ഷത്തിനിടെ വിശ്വനാഥന് ആനന്ദില്ലാത്ത ആദ്യ ലോകചാമ്പ്യന്‍ഷിപ്. കിരീടപ്പോരാട്ടത്തില്‍ മാഗ്നസ് കാള്‍സന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന റൗണ്ടിലും സമനില വഴങ്ങിയതോടെയാണ് ആനന്ദിന്റെ പോരാട്ടം അവസാനിച്ചത്. 2000ല്‍ ചാമ്പ്യനായി തുടക്കം കുറിച്ച നാള്‍മുതല്‍ ലോകചാമ്പ്യന്‍ഷിപ്പിലെ നിത്യസാന്നിധ്യമായിരുന്നു വിശ്വനാഥന് ആനന്ദ്. അഞ്ചു തവണ ലോകകിരീടവും ചൂടി. പക്ഷേ, ഇക്കുറി അടവുകളെല്ലാം പിഴച്ചപ്പോള്‍ 7.5 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ആനന്ദ് ഫിനിഷ് ചെയ്തത്. 2006 വരെ ഫിഡേ ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷം മുതല്‍ ലോകചാമ്പ്യന്‍ഷിപ്പുമായി മാറിയപ്പോഴെല്ലാം ബോര്‍ഡിന്റെ ഒരറ്റത്ത് ആനന്ദായിരുന്നു.
കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പിലെ 13ാം അങ്കത്തില്‍ ഹോളണ്ടിന്റെ അനിഷ് ഗിരിയോടും 14ാം റൗണ്ടില്‍ റഷ്യയുടെ പീറ്റര്‍ സ്വിഡ്ലിനോടുമാണ് ആനന്ദ് തോല്‍വി വഴങ്ങിയത്. 7.5 പോയന്‍ാണ് സമ്പാദ്യം. നവംബറില്‍ നടക്കുന്ന ലോകപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ മാഗ്നസ് കാള്‍സനെ റഷ്യയുടെ സെര്‍ജി കര്യാകിന് നേരിടും. ഫൈനല്‍ പോരാട്ടമായി മാറിയ 14 റൗണ്ട് അങ്കത്തില്‍ അമേരിക്കയുടെ ഫാബിയാനോ കറൗണയെ തോല്പിച്ചാണ് കര്യാകിന് കാള്‍സനെ നേരിടാന്‍ യോഗ്യത നേടിയത്. നവംബര്‍ 11 മുതല്‍ ന്യൂയോര്‍ക്കിലാണ് മത്സരം. യോഗ്യത നേടാതെ പുറത്തായതോടെ, അടുത്ത തവണ കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ആനന്ദ് മേഖലാതല പോരാട്ടം മുതല്‍ ജയിച്ചുവരണം. 2002, 2007, 08, 10,12 വര്‍ഷങ്ങളിലാണ് ആനന്ദ് കിരീടമണിഞ്ഞ ത്.