വാഹന അപകടത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

08:20am 16/5/2016
images (2)
കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനുമായി ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സിദ്ധാര്‍ത്ഥ്. ചിത്രത്തില്‍ ജയസൂര്യ നായകനാകുമെന്നാണ് സൂചന. അതിനിടെ അടുത്തിനെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച് മനസ് തുറന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയില്‍ വച്ചാണ് സിദ്ധാര്‍ത്ഥിന്റെ കാറ് അപകടത്തില്‍പ്പെട്ടത്. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ചമ്പക്കര പാലത്തിന് മുമ്പ് ഒരു കപ്പേളയുണ്ട്. അവിടെ വലിയൊരു വളവാണ്. ആ വളവിലെത്തിയപ്പോള്‍ എതിരെ ഒരു ലോറി പാഞ്ഞ് വന്നു. ലോറിയുടെ ലൈറ്റ് മുഖത്തേക്കാണ് അടിച്ചത്.
ഗ്ലാസ് താഴ്ത്തി ഡിം അടിക്കെടാന്ന് പറഞ്ഞത് മാത്രം ഓര്‍മ്മയുണ്ട്. വളവ് തിരിഞ്ഞതും കാറ് മെട്രായ്ക്ക് വേണ്ടിയുള്ള ഭിത്തിയില്‍ ഇടിച്ചു. പിന്നെ ഒന്നും ഓര്‍മ്മയില്ല. ബോധം തെളിഞ്ഞപ്പോള്‍ അമ്മ അടുത്തിരുന്ന് കരയുന്നതാണ് കാണുന്നത്. ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളാണ് തന്നെ രക്ഷിച്ചതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.