02.27 AM 29/10/2016
കൊയിലാണ്ടി: തെരുവ് നായ്ക്കൾ വിൽപ്പന ശാലയിൽ കയറി കോഴികളെ കടിച്ചു കൊന്നു. കൊയിലാണ്ടിക്കടുത്ത് മുത്താമ്പി വൈദ്യരങ്ങാടിയിലെ മുനീറിന്റെ ഉടമസ്ഥതയിലുള്ള എംഎംകെ ചിക്കൻ കടയിലെ 110 ഓളം കോഴികളെയാണ് നായ്ക്കൂട്ടം കടിച്ച് കൊന്നത്.
ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. കോഴികളുടെ ശബ്ദം കേട്ട് കടയുടെ അടുത്തുള്ള ആളുകൾ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. കടയ്ക്കു പുറത്തെ മരത്തിന്റെ കൂട്ടിലായിരുന്നു കോഴികൾ ഉണ്ടായിരുന്നത്. 12 ഓളം നായ്ക്കൾ ചേർന്ന് കൂട് തകർത്ത് കോഴികളെ കടിച്ച് കൊണ്ടുപോയി പല ഭാഗത്തുവച്ച് ഭക്ഷിക്കുകയായിരുന്നു.
ചത്ത കോഴികളുടെ അവശിഷ്ടം കടയുടെ പല ഭാഗത്തായി ഛിന്നഭിന്നമായി കിടക്കുകയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. താലൂക്ക് താഹസിൽദാർ, വില്ലേജ് ഓഫീസർ, പോലീസ് എന്നിവർക്ക് മുനീർ പരാതി നൽകി. 25,000 രൂപയോളം കടയുടമയ്ക്ക് നഷ്ടമായി.