ആലുവ: ബാങ്ക് കവലയിലെ കമ്മത്ത് റസ്റ്റോറന്റാണ് ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഉടമക്കും ജീവനക്കാരനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് കണ്ട് ഇവിടെയെത്തിയ സംഘം ഉടന്‍ അടച്ചില്ലെങ്കില്‍ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പോയത്രേ. 10 മിനിറ്റിനു ശേഷം തിരിച്ചെത്തിയ സംഘം ക്യാഷ് കൌണ്ടറിനു സമീപമുണ്ടായിരുന്ന സാധനങ്ങള്‍ തട്ടിക്കളയുകയും ഉടമയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. വാക്കേറ്റത്തെ തുടര്‍ന്നാണ് ഉടമ സുധാകര കമ്മത്തിനെ ആക്രമിച്ചത്. ഇതിനിടയില്‍ ഇത് ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ജീവനക്കാരന് ശ്രീരാമിനേയും ആക്രമിച്ചു. ഇയാളുടെ 20000 രൂപയുടെ മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലിസ് എത്തിയപ്പോഴേക്കും അക്രമികള്‍ പോയിരുന്നു. പരിക്കേറ്റ രണ്ട് പേരും സമീപത്തെ നജാത്ത് ആശുപത്രിയില്‍ ചികിത്സ തേടി.