ശബരിമല സ്ത്രീപ്രവേശം: ആചാരങ്ങള്‍ മാറ്റാനാകില്ല -ദേവസ്വം പ്രസിഡന്റ്

11:26am
23/2/2016
download (2)

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനാകിലെന്നും ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പരസ്യനിലപാട് എടുക്കാനില്ല. പക്ഷേ, ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ തന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തരുടെ ഇംഗിതം സംരക്ഷിക്കുന്ന നിലപാടാണ് തന്ത്രിമാര്‍ കൈക്കൊണ്ടത്. ഇതുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡിന്റെ തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്താനും വഴിപാട് നിരക്കുകള്‍ ഏകീകരിക്കുന്നതിനും 27ന് ഉപദേശകസമിതി ഭാരവാഹികളുടെ യോഗം ചേരും.
ആരാധനാസംബന്ധിയായ കാര്യങ്ങളില്‍ ഹൈന്ദവ ഏകീകരണം കൊണ്ടുവരാനാണ് യോഗം ലക്ഷ്യമിടുന്നത്. ഇതിനു രാഷ്ട്രീയ മാനങ്ങളില്ല. ഹൈന്ദവ വിശ്വാസങ്ങളിലെ യുക്തിയും ശാസ്ത്രീയതയും എന്ന വിഷയത്തില്‍ ഡോ. എം.ആര്‍. തമ്പാന്‍ പ്രഭാഷണം നടത്തും. മാര്‍ച്ച് ഏഴിന് ശിവരാത്രി ദിവസം ബോര്‍ഡിനുകീഴിലെ അമ്പലങ്ങളില്‍ പ്രാര്‍ഥനായജ്ഞം സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, പി.കെ. കുമാരന്‍, ദേവസ്വം കമീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, സെക്രട്ടറി വി.എസ്. ജയകുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.