09:51am 10/3/2016
ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ലോക സാംസ്കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. ഡല്‍ഹിയിലെ യമുനാ നദീതടത്തില്‍ കോടികള്‍ ചെലവിട്ടു നിര്‍മിച്ച സമ്മേളന നഗരിയിലേക്ക് 35 ലക്ഷത്തോളം പേര് 11, 12, 13 തീയതികളിലായി ഒഴുകിയത്തെുമെന്നാണ് സംഘാടകര്‍ കരുതുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എന്നപോലെ കേരളത്തില്‍നിന്നും ഒട്ടേറെ പേര് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കലയുടെയും സംസ്കാരത്തിന്റെയും ഒളിമ്പിക്സ് എന്നാണ് സംഘാടകര്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. മതനേതാക്കള്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം പരിപാടിക്ക് എത്തുന്നുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കില്ല.
മാനവികതക്ക് ആര്‍ട്ട് ഓഫ് ലിവിങ് നല്കിയ 35 വര്‍ഷത്തെ സേവനം മുന്‍നിര്‍ത്തിയാണ് 35 ലക്ഷം പേരെ അണിനിരത്തുന്നത്. ‘വസുധൈവ കുടുംബക’ എന്ന സന്ദേശം മുന്നോട്ടുവെക്കുന്ന സാംസ്കാരിക മാമാങ്കത്തിന് 155 രാജ്യങ്ങളില്‍നിന്നായി 33,000 കലാകാരന്മാര് എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. തെക്കന്‍ അമേരിക്ക, യൂറോപ്പ്, ജപ്പാന്, റഷ്യ, മലേഷ്യ, ആസ്ട്രേലിയ തുടങ്ങിയ നാടുകളില്‍നിന്നായി 20,000 രാജ്യാന്തര അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. 40 വാദ്യോപകരണങ്ങള്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ സിംഫണി സാംസ്കാരികോത്സവത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ്. ശ്രീശ്രീ രവിശങ്കറുടെ ‘സമാധാന ധ്യാന’മാണ് ഏറ്റവും മുഖ്യ പരിപാടി. മൂന്നു ദിവസങ്ങളിലും നടക്കുന്ന ധ്യാന പരിപാടിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടക്കമുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്.സി. ലാഹോട്ടി ചെയര്‍മാനായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. ഏഴ് ഏക്കറിലായി 28,000 ചതുരശ്ര മീറ്റര്‍ വരുന്ന താല്‍ക്കാലിക സ്റ്റേജാണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ താല്‍ക്കാലിക സ്റ്റേജ് എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമം കൂടിയാണിത്. സംഗമവേദിയുടെ ആകെ വിസ്തൃതി 1000 ഏക്കര്‍. 1000ത്തില്പരം പേരാണ് സ്റ്റേജ് കെട്ടാനും ഒരുക്കങ്ങള്‍ക്കുമായി ഇവിടെ പ്രവര്‍ത്തിക്കുന്നത്.