ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ നൈറ്റ് ആഘോഷിച്ചു

02:10pm
12/2/2016
knanayanite_pic5
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് ഫെബ്രുവരി ആറാംതീയതി വാക്കിഗണിലുള്ള സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

ക്‌നാനായ സമുദായ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരാഹണത്തോടനുബന്ധിച്ച് കാലംചെയ്ത സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും അനുഗ്രഹിച്ച് ലഭിച്ച കല്പനയാല്‍ എല്ലാവര്‍ഷവും ജനുവരി 15-നു ക്‌നാനായ ദിനമായി ആചരിച്ചുവരുന്നു. അതിനോട് അനുബന്ധിച്ച് നടത്തിയ ക്‌നാനായ നൈറ്റ് ആഘോഷങ്ങള്‍ ഷൈനി പട്ടരുമഠത്തിലിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭംകുറിച്ചു.

ഇടവക വികാരി റവ.ഫാ. തോമസ് മേപ്പുറത്തിന്റെ അധ്യക്ഷതയില്‍ യോഗനടപടികള്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട വികാരി അച്ചന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ക്‌നാനായ മക്കള്‍ കൂട്ടായി നിന്നുകൊണ്ട് പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കംകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഇടവക വികാരി രാജു മാലിക്കറുകയില്‍ സ്വാഗതം ആശംസിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ഡീക്കന്‍ ജെയ്ക് പട്ടരുമഠത്തില്‍, ഷീന മംഗലത്ത്, മാര്‍ട്ടിന്‍ മാലത്തുശേരില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദേവാലയ ട്രസ്റ്റി പ്രകാശ് ചെറിയമുഴിയുടെ നന്ദി പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.

സമ്മേളനാനന്തരം വിവിധ കലാപരിപാടികള്‍ അരങ്ങേറി. മുന്‍വര്‍ഷത്തെ പിക്‌നിക്കില്‍ വിജയികളായവര്‍ക്ക് ബാലു മാലത്തുശേരില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ വിതരണം ചെയ്തു.

ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് കോര്‍ഡിനേറ്റര്‍ ഷിജു ഒറ്റത്തെങ്കിന്റെ നേതൃത്വത്തില്‍ ഷീന മംഗലത്ത്, നിമ്മി താമരപ്പള്ളില്‍, ഷൈനി പട്ടരുമഠത്തില്‍ എന്നിവര്‍ കണ്‍വീനര്‍മാരായിരുന്നു. കലാപരിപാടികള്‍ക്ക് ആല്‍വിന്‍ മാലത്തുശേരില്‍, മാര്‍ട്ടിന്‍ മാലത്തുശേരില്‍ എന്നിവര്‍ നേതൃത്വം കൊടുത്ത് വന്‍ വിജയമാക്കിത്തീര്‍ത്തു.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ രാത്രി പത്തുമണിയോടെ ഈവര്‍ഷത്തെ ക്‌നാനായ നൈറ്റിനു സമാപനം കുറിച്ചു. ചര്‍ച്ച് പി.ആര്‍.ഒ ബിജോയ് മാലത്തുശേരില്‍ അറിയിച്ചതാണിത്.