27-2-2016
കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. എറണാകുളം പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വളരെ നാളുകളായി കരളിന്റെ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. 11 ലെ മലയാളത്തിലെ നവ തരംഗത്തിന്റെ തുടക്കമായി വിലയിരുത്തുന്ന ട്രാഫിക്ക് എന്ന സിനിമയുടെ സംവിധായകനാണ്.
രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ അവസാന ജോലികള്‍ നടക്കുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ചിത്രീകരണത്തിനായി പലപ്പോഴും അദ്ദേഹം ആശുപത്രിയിയില്‍ നിന്നാണ് എത്തിയിരുന്നത്. ചികിത്സ തുടരാന്‍ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും സിനിമ എങ്ങനെയും പുറത്തിറക്കണമെന്ന വാശിയിലായിരുന്നു അദ്ദേഹം. പടത്തിന്റെ ചിത്രീകരണത്തിന് ശേഷം രാജേഷ് തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു. അവിടുന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കൊച്ചിയിലേക്കുള്ള ആശുപത്രിയിലേക്ക് മാറിയത്.
മരണ സമയത്ത് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. നില ഗുരുതരമാണെന്ന് അറിഞ്ഞ് രാവിലെ തന്നെ ആശുപത്രിയിലേക്ക് നിരവധി സുഹൃത്തുക്കളും സിനിമാ മേഖലയില്‍ നിന്നുള്ളവരും എത്തി. കായംകുളം സ്വദേശിയായ രാജേഷ് സിനിമയില്‍ സജീവമായ ശേഷം കൊച്ചിയിലെ ഫഌറ്റിലാണ് താമസം.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്. ട്രാഫികിന്റെ ഹിന്ദി പതിപ്പ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു.