3/2/2016
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ അഭിനയിക്കുന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് രാജേഷ് ജയരാമന്‍. നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ചിത്രം വൈകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഹൃദയാഘാതം വന്ന് അടുത്തിടെ മരിച്ചിരുന്നു. പിന്നെ മറ്റുചില സാമ്പത്തിക പ്രശ്‌നങ്ങളും കാരണമായി. ചിത്രീകരണത്തിനുള്ള പണം ശരിയായാല്‍ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഷാജി കൈലാസ് തന്നെയാവും ചിത്രം സംവിധാനംചെയ്യുക. നിര്‍മ്മാതാവ് ഉദ്ദേശിച്ച ഫണ്ടുകള്‍ ബ്ലോക്കായിപ്പോയതുകൊണ്ടാണ് സിനിമ തല്‍ക്കാലം നിര്‍ത്തിയത്. ഇത് ഒരു ഷെഡ്യൂള്‍ ബ്രേക്കായി കണ്ടാല്‍മതിയെന്നും രാജേഷ് ജയരാമന്‍ പറഞ്ഞു.
ഈ കഴിഞ്ഞ നവംബറിലാണ് സരിത അഭിനയിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സോളാര്‍ കേസ് പശ്ചാത്തലമായ ചിത്രമാണിത്. സരിതാ നായരായിതന്നെയാണ് അവര്‍ അഭിനയിക്കുന്നത്. അവര്‍ അഭിനയിക്കാമെന്ന് ഏറ്റതുകൊണ്ട് മറ്റൊരാളെ ഈ റോളില്‍ കണ്ടെത്തേണ്ട ആവശ്യമില്ലായിരുന്നു. സരിതയ്ക്ക് ഒട്ടേറെ കേസുകള്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് അഭിനയിക്കാന്‍ എത്താന്‍ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടാണ് അവരുടെ ഭാഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചത്. കോടതിയില്‍നിന്നു പ്രത്യേക അനുവാദം വാങ്ങിയാണ് സരിത ഈ സിനിമയില്‍ അഭിനയിക്കുന്നത്.
ആരും ഈ സിനിമയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ചില നടന്മാരെ തേടിപ്പോയപ്പോള്‍ അവര്‍ വിമുഖത കാട്ടിയെന്ന് പറഞ്ഞുകേട്ടിരുന്നു. നിര്‍മ്മാതാവിന് ഈ സിനിമ തുടക്കത്തിലെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സോളാര്‍ പശ്ചാത്തലമായുള്ള കഥയാണ്. യാഥാര്‍ത്ഥ്യങ്ങളാണ് ഇതില്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം ഇറക്കിയാലേ മാര്‍ക്കറ്റ് ഉണ്ടാകൂ. കഴിയുന്നതും അതിന് ശ്രമിക്കും. ഈ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ശ്രമിക്കും. സിനിമ ഒരു പക്കാ സുരേഷ് ഗോപി ചിത്രമാണെന്നും രാജേഷ് ജയരാമന്‍ പറഞ്ഞു.