5/2/2016
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ജേണസ് ചെറുനിലത്ത് വി.സി ഷിക്കാഗോ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു.
ജേണസച്ചന്‍ തന്റെ വചനസന്ദേശത്തില്‍ വി. സെബസ്ത്യാനോസിന്റെ ജീവിതം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുകയും തിരുനാള്‍ ആശംസിക്കുകയും ചെയ്തു. കൂരമ്പുകളെ പൂമലര്‍ പോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന വിശുദ്ധന്റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരേയും വിശുദ്ധന്‍ വെല്ലുവിളിക്കുന്നതായി കാണാം. വിശുദ്ധന്റെ ധന്യജീവിതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ആ ജീവിതമാതൃക നമ്മില്‍ ഉണ്ടാവണം.
ക്രൈസ്തവ ജീവിതം നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന ത്യാഗങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് തിരുനാള്‍. വിശ്വാസത്തില്‍ നിര്‍മ്മലത കാത്തുസൂക്ഷിക്കപ്പെടുവാനും ചുറ്റിലുമുള്ള തിയുടെ അധികാരത്തെ രക്തം ചിന്തി തിരുത്തുവാനുള്ള ശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിവസവുമാണ്. താന്‍ വിശ്വസിക്കുന്ന സത്യത്തിനുവേണ്ടി ജീവിതം ഹോമിക്കപ്പെട്ട് സാക്ഷിയാകുന്ന വ്യക്തിയാണ് രക്തസാക്ഷി എന്നും ജോണസ് അച്ചന്‍ ഉത്‌ബോധിപ്പിച്ചു.
ദിവ്യബലിയ്ക്കുശേഷം പൊന്നിന്‍കുരിശും മുത്തുക്കുടകളുമായി വാദ്യമേളങ്ങളോടെ നഗരികാണിക്കല്‍ പ്രദക്ഷിണവും, കഴുന്ന് (അമ്പ്) എഴുന്നള്ളിക്കലും നടന്നു. ഇടവക ഗായകസംഘം വിശുദ്ധന്റെ ഭക്തിഗാനങ്ങള്‍ ആലപിച്ചു. ജോസുകുട്ടി പാമ്പാടിയും സംഘാംഗങ്ങളും ചേര്‍ന്നൊരുക്കിയ വാദ്യമേളം തിരുനാളിനു മോടിപകര്‍ന്നു.
സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേലിന്റെ നേതൃത്വത്തില്‍ വിശുദ്ധന്റെ നാമഥേയരും മറ്റ് ഏതാനും കുടുംബങ്ങളും ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.
കൈക്കാര•ാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സ്‌നേഹവിരുന്ന് തയാറാക്കിയത് ബെന്നീസ് കേറ്ററിംഗാണ്. ട്രാവിസ് തോമസ് ദൃശ്യങ്ങള്‍ പകര്‍ത്തി. സാക്രിസ്റ്റി ജോവി തുണ്ടിയില്‍ അള്‍ത്താരയും വിശുദ്ധന്റെ രൂപവും അലങ്കരിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ (പി.ആര്‍.ഒ, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച്) അറിയിച്ചതാണിത്.