സിറിയയില്‍ സ്‌ഫോടനങ്ങളില്‍ മരണം 150 കവിഞ്ഞു;

11:15am AM 23/02/2016
download

ഡമസ്‌കസ്: സിറിയയെ നടുക്കി സ്‌ഫോടനങ്ങളും ആക്രമണങ്ങളും തുടരുന്നതിനിടെ സമാധാനനീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ വന്‍ശക്തി രാജ്യങ്ങളുടെ നീക്കം. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലും ഹിംസിലും ഞായറാഴ്ച നടന്ന ശക്തമായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. ഡമസ്‌കസിനടുത്ത് സയ്യിദ സൈനബ് പള്ളിക്കു സമീപമുണ്ടായ സ്‌ഫോടനങ്ങളില്‍ മാത്രം 96 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘം വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 178 പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് നബിയുടെ പൗത്രിയുടെ ഖബര്‍സ്ഥാന്‍ ഉള്‍പ്പെടുന്ന ശിയാ പള്ളി സ്‌ഫോടനത്തില്‍ തകര്‍ന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാനസ്ഥലത്ത് ജനുവരിയില്‍ ഐ.എസ് നടത്തിയ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മറ്റൊരു നഗരമായ ഹിംസില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍ സഹ്‌റ ജില്ലയില്‍ നടന്ന രണ്ടു കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 59 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ് ഉള്‍ക്കൊള്ളുന്ന അലവി വിഭാഗം ശിയാക്കള്‍ കൂടുതലുള്ള പ്രദേശമാണ് ഹിംസ്. ഇതിനകം ലക്ഷങ്ങള്‍ മരിക്കുകയും ദശലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്ത സിറിയയിലെ പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. പ്രാഥമിക കരാറിലത്തെിയതായും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉഭയകക്ഷി ഉച്ചകോടിക്കുശേഷം കരാറിന്റെ പൂര്‍ണരൂപം പ്രഖ്യാപിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. എന്നാല്‍, 10 ദിവസം മുമ്പ് മ്യൂണിക്കിലും കെറി സമാന പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്ന വാഗ്ദാനം ഫലംകണ്ടിട്ടില്ല. സിറിയന്‍ നഗരങ്ങളിലെ ദുരിതബാധിതര്‍ക്ക് സഹായമത്തെിച്ചുതുടങ്ങാനായത് ആശ്വാസമാകുന്നുണ്ടെങ്കിലും ആക്രമണത്തിന് മൂര്‍ച്ച കൂടിയതായാണ് സൂചന. സിറിയയില്‍ ആക്രമണം തുടരുന്ന അമേരിക്കയും റഷ്യയും പ്രശ്‌നപരിഹാരത്തിനും നേതൃത്വം നല്‍കണമെന്നുകണ്ട് ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ ആശയവിനിമയം തുടരുന്നുണ്ട്.