കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉപാധികളോടെയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ മൂന്ന് വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ജാമ്യമാണ് ജയരാജന് അനുവദിച്ചിട്ടുള്ളത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.
ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം ജയരാജനെ ഇന്ന് തന്നെ ജയില്‍ മോചിതനാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു. കോടതി ഇന്നലെ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ടിരുന്നു. തുടര്‍ന്നാണ് ജാമ്യഹരജി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ മേല്‍ക്കോടതിയെ സമീപിക്കും.
ജയരാജനെതിരെ എന്ത് തെളിവുകളാണ് ഹാജരാക്കിയതെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചിരുന്നു. തറവാട്ട് ക്ഷേത്രത്തില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇതിന്റെ സൂത്രധാരന്‍ ജയരാജനാണെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ തറവാട്ടു ക്ഷേത്രം വ്യക്തിയുടേതല്ലെന്നും ട്രസ്റ്റിന്റേതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒന്നാംപ്രതി വിക്രമനെ കൊണ്ടുപോയത്. സൊസൈറ്റി ഭാരവാഹി എന്ന നിലയിലാണ് ജയരാജന്‍ വാഹനത്തിന്റെആര്‍.സി ഉടമസ്ഥനായത്. വാഹനം ജയരാജന്റേതല്ല എന്നും കെ.വിശ്വന്‍ വാദിച്ചു.
കേസിലെ ഒന്നാംപ്രതി വിക്രമനാണ് കൊല നടത്തിയതെങ്കിലും പ്രേരണ ഇരുപത്തിയഞ്ചാം പ്രതിയായ ജയരാജന്റെതായിരുന്നുവെന്നാണ് സി.ബി.ഐയുടെ വാദം. ജയരാജന് ജാമ്യം നല്‍കുന്നത് തെളിവ് ശേഖരിക്കുന്നതിന് തടസമാകുമെന്ന് സി.ബി.ഐ. അഭിപ്രായപ്പെട്ടു. അന്വേഷണം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിട്ടും തെളിവ് കിട്ടിയില്ലേ എന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു.
പി. ജയരാജന്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍മുട്ടിലും കൈമുട്ടിലും വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ എട്ടുവരെയായിരുന്നു ജയരാജന്റെ റിമാന്‍ഡ് കാലാവധി. എന്നാല്‍, ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് നേരിട്ട് ഇദ്ദേഹത്തിന് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.
–
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്.