കോഴിക്കോട് : രാഷ്ട്രത്തില്‍ ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്ത കേരള പോലീസില്‍ അവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാതെ അവഗണിക്കുന്നു. വനിതാ എസ്.ഐ, സി.ഐ എന്നീ തസ്തികകളില്‍ നിരവധി ഒഴിവുകള്‍ 19 പോലീസ് ജില്ലകളിലുമുണ്ടെങ്കിലും സേനയില്‍ 1991ല്‍ ചേര്‍ന്ന ഭൂരിപക്ഷത്തിനുപോലും സ്ഥാനക്കയറ്റം കിട്ടിയിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കയവര്‍ക്ക് ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നും 23 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് എ.എസ്.ഐ എന്നും പേരില്‍ മാറ്റം വരുത്തിയതു മാത്രമാണ് ആകെ ലഭിച്ച ആനുകൂല്യം. വനിതാ സി.ഐമാരില്‍ കുറച്ചുപേരെ ഡി.വൈ.എസ്.പി ഗ്രേഡിലേക്ക് ഉയര്‍ത്താന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതും ഉപേക്ഷിച്ച മട്ടാണ്. പി.എസ്.സി. നടത്തിയ ആദ്യ വനിതാ പോലീസ് റിക്രൂട്ട്മെന്റായിരുന്നു 1991ലെ ബാച്ചിലേത്. 246 വനിതകളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. വനിതാ പ്രാതിനിധ്യം 25 ശതമാനം വര്‍ധിപ്പിക്കുമെന്നും, വനിതാ ബാറ്റാലിയന്‍, വിവിധ ജില്ലകളില്‍ വനിതാ പോലീസ് സ്റ്റേഷന് തുടങ്ങി വിവിധ പ്രഖ്യാപനങ്ങള്‍ ആഭ്യന്തരമന്ത്രി നടത്തുമ്പോഴാണ് നിലവിലെ മുതിര്‍ന്ന വനിതാ പോലീസുകാരെപോലും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത്. കേരള പോലീസില്‍ നിലവില്‍ 36,000 വനിതകളാണുള്ളത്; മൊത്തം സേനയുടെ 6.5 ശതമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ചണ്ഡീഗഡില്‍ 14.6 % തമിഴ്നാട്ടില്‍ 12.4 % എന്നിങ്ങനെയാണു വനിതാ പ്രാതിനിധ്യം.