സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

10: 52am 6/3/2016
download
ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്നു ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി യമുന അതിവേഗ പാതയില്‍ വെച്ചാണ് സംഭവം. ഇറാനി സഞ്ചരിച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിലെ പൊലീസ് വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. മന്ത്രി ഗുരുതര പരുക്കുകളില്ലാതെ രക്ഷപെട്ടു.

ബി.ജെ.പിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരവെ മഥുര ജില്ലയിലെ വൃന്ദാവന്‍ ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിലെ പൊലീസ് വാഹനം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ആഗ്രയില്‍ നിന്നുള്ള ഡോക്ടര്‍ രമേശാണ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചത്. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന രണ്ടുപോലീസുകാരെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താന്‍ സുരക്ഷിതയാണെന്ന് മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ അറിയിച്ചു. സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും രേഖപ്പെടുത്തി. അതേസമയം, ഇറാനിയുടെ കാലിനും കൈക്കും ചെറിയ പരുക്കേറ്റിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.