01:20pm 02/3/2016
വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്ലാദന് സമ്പാദിച്ച സ്വത്തിന്റെ ഭൂരിഭാഗവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണമെന്ന് വില്പത്രം എഴുതിയിരുന്നതായി റിപ്പോര്‍ട്ട്. സമ്പാദ്യത്തില്‍ 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോളതലത്തില്‍ ജിഹാദിനായി മാറ്റിവെച്ചുവെന്ന് വില്‍പത്രത്തിലുണ്ട്.
2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഈ വിവരമുള്ളത്. അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുള്ള രേഖകള്‍ ഉദ്ധരിച്ച് എ.ബി.സി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
സ്വത്ത് സുഡാനിലുണ്ടെന്നാണ് വില്‍പത്രത്തിലുള്ളത്. എന്നാല്‍, ഇത് പണമായാണോ മറ്റ് സ്വത്ത് വകകളായാണോ എന്നത് വ്യക്തമല്ല. സുഡാന് സര്‍ക്കാറിന്റെ അതിഥിയായി അഞ്ച് വര്‍ഷത്തോളം ലാദന് സുഡാനില്‍ കഴിഞ്ഞിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 1996ലാണ് രാജ്യം വിടാന്‍ സുഡാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ആബട്ടാബാദില്‍ ഒളിത്താവളത്തില്‍ നിന്ന് 113 രേഖകളാണ് യു.എസ് സൈന്യം കണ്ടെടുത്തത്.