സൗദിയില്‍ രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി

11:57 AM 19/10/2016

download
റിയാദ്: കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞ സൗദി രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി. സ്വദേശി യുവാവിനെ കൊന്ന കേസില്‍ പ്രതിയായ അമീര്‍ തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍കി ബിന്‍ സൗദ് അല്‍ കബീറിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അൽ അറബിയ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. റിയാദ് നഗരത്തിന് സമീപം തുമാമയില്‍ വഴക്കിനിടെ സൗദി പൗരനായ ആദില്‍ ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ കരീം മുഹൈമീദ് എന്നയാളെ കൊന്ന കേസിലാണ് രാജകുടുംബാംഗം പിടിയിലായത്. വിചാരണ വേളയില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ജനറല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. പിന്നീട് കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ രാജ ഉത്തരവിറങ്ങുകയായിരുന്നു.

പ്രതിയുടെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നീതി നടപ്പാക്കാന്‍ ഇരയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. നീതിയും സുരക്ഷയും ദൈവ വിധിയും നടപ്പാക്കുന്നതില്‍ സല്‍മാന്‍ രാജാവിന്‍െറ താല്‍പര്യമാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിരപരാധികളുടെ രക്തം ചിന്തുന്നവര്‍ ആരായാലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.