സൗദിയില്‍ വാഹനാപകടം; യുവതിയും ഭര്‍തൃമാതാവും മരിച്ചു

8:47am 5/3/2016
death-sameera-accident-jedd
ജിദ്ദ: ഉംറ നിര്‍വഹിച്ചശേഷം മദീനാ സന്ദര്‍ശനത്തിനുപോയ മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ ട്രെയ്‌ലറിടിച്ച് യുവതിയും ഭര്‍തൃമാതാവും മരിച്ചു. കോഴിക്കോട് അത്തോളി ഒയാസിസ് വീട്ടില്‍ ശമലിന്റെ ഉമ്മ ആസ്യ (56), ഭാര്യ മൊകേരി സ്വദേശിനി സമീറ ശമല്‍ (26) എന്നിവരാണ് മരിച്ചത്. സമീറയുടെ മകള്‍ നൂബിയ (മൂന്ന്) അത്യാസന്ന നിലയില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ശമല്‍ (37), മൂത്ത മകള്‍ അയലിന്‍ (ആറ്), പിതാവ് മുഹമ്മദലി (66) എന്നിവര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു.

വ്യാഴാഴ്ച രാത്രി ഉംറ നിര്‍വഹിച്ചശേഷം ജിദ്ദയിലെ താമസസ്ഥലത്ത് തിരിച്ചത്തെിയ ഇവര്‍ വെള്ളിയാഴ്ച രാവിലെ 6.30നാണ് മദീനാ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. ഏഴുമണിയോടടുത്ത് തുവ്വലിലത്തെിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനത്തിനുപിന്നില്‍ ട്രക്ക് ഇടിച്ചത്. സമീറ, ആസിയ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് ശമല്‍. കുടുംബസമേതം ജിദ്ദയില്‍ കഴിയുന്ന ശമലിന്റെ പിതാവ് മുഹമ്മദലിയും മാതാവ് ആസ്യയും 10 ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ എത്തിയത്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.