35 തുടര്‍ വിജയങ്ങള്‍ റയല്‍ റെക്കോഡ് ബാഴ്‌സ തകര്‍ത്തു

7:46pm 5/3/2016
th (1)
മഡ്രിഡ്: 34 മത്സരമെന്ന റെക്കോഡ് മഡ്രിഡിലെ മണ്ണില്‍തന്നെ ബാഴ്‌സലോണ തിരുത്തിയെഴുതി. സ്പാനിഷ് ലീഗില്‍ റയോ വയ്യകാനോക്കെതിരെ 51ന്റെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സ റെക്കോഡ് തിരുത്തിയപ്പോള്‍, ഹാട്രിക് ഗോളുമായി ലയണല്‍ മെസ്സിയും നിറഞ്ഞുനിന്നു. റയോയുടെ ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ മെസ്സിക്കു പുറമെ, ഇവാന്‍ റാകിടിച്ച്, അര്‍ദ ടുറാന്‍ എന്നിവരും സ്‌കോര്‍ ചെയ്തു. വയ്യകാനോയുടെ രണ്ടു പേര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയ മത്സരത്തില്‍ ആധികാരികമായിരുന്നു കറ്റാലന്മാരുടെ വിജയം. ഇതോടെ രണ്ടാമതുള്ള അത്‌ലറ്റികോ മഡ്രിഡുമായി ബാഴ്‌സലോണ പോയന്റ് വ്യത്യാസം എട്ടാക്കി ഉയര്‍ത്തി.

22ാം മിനിറ്റിലാണ് ബാഴ്‌സലോണ റാകിടിച്ചിലൂടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. വയ്യകാനോ ഗോള്‍കീപ്പര്‍ ജുവാന്‍ കാര്‍ലോസിന്റെ പിഴവില്‍നിന്നായിരുന്നു ആദ്യ ഗോള്‍. മൈതാനത്തിന്റെ വലതുഭാഗത്തുനിന്ന് ലയണല്‍ മെസ്സിയുടെ അപകടകരമല്ലാത്ത ക്രോസ് ചാടിപ്പിടിച്ച ഗോളിയുടെ കൈയില്‍നിന്ന് പന്ത് വഴുതി വീണത് റാകിടിച്ചിന് മുന്നില്‍. ഗാലറിയെ ത്രസിപ്പിച്ച് പന്ത് വലയില്‍. 23, 53, 72 മിനിറ്റുകളിലായിരുന്നു ലയണല്‍ മെസ്സിയുടെ ഗോളുകള്‍.
നിറഞ്ഞുകളിച്ച നെയ്മറുടെ ബുദ്ധിയിലാണ് മെസ്സി ഗോള്‍ നേടിയത്. ആദ്യ ഗോളിന്റെ ആരവമൊഴിയും മുമ്പ് മെസ്സിയും നെയ്മറും നെയ്‌തെടുത്ത നീക്കത്തിനൊടുവില്‍ പ്രതിരോധ താരങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നെയ്മര്‍ നല്‍കിയ ബാക്ഹീല്‍ പാസ് മെസ്സി വലയിലാക്കി. ഇടവേളക്ക് നാല് മിനിറ്റു മുമ്പ് റാകിടിച്ചിനെ ഫൗള്‍ ചെയ്തതിന് ഡീഗോ ലോറന്റെ ചുവപ്പു കാര്‍ഡു കണ്ട് പുറത്തുപോയി.

രണ്ടാം പകുതി എട്ടുമിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സി വീണ്ടും വെടിപൊട്ടിച്ചു. ലൂയി സുവാരസിന്റെ ക്‌ളോസ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ റീബൗണ്ടില്‍ മെസ്സിക്ക് പിഴച്ചില്ല. 57ാം മിനിറ്റില്‍ മാനുചോ ഗോണ്‍കാല്‍വസ് വയ്യകാനോയുടെ ആശ്വാസ ഗോള്‍ നേടി. 69ാം മിനിറ്റില്‍ റാകിടിച്ചിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ടോപ് സ്‌കോറര്‍ പദവിക്ക് മത്സരിക്കുന്ന സുവാരസിന് കൈമാറിയെങ്കിലും സുവാരസിന്റെ ഷോട്ട് കാര്‍ലോസ് തടഞ്ഞു. മൂന്ന് മിനിറ്റിന് ശേഷം മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കി. ലാ ലിഗയില്‍ ഈ സീസണില്‍ മെസ്സിയുടെ രണ്ടാമത്തെ ഹാട്രിക്കാണ് പിറന്നത്. സ്വന്തം പകുതിയില്‍നിന്ന് ബുസ്‌കെറ്റ്‌സ് നല്‍കിയ പാസുമായി കുതിച്ച മെസ്സി പ്രതിരോധ താരങ്ങളെ പിന്നിലാക്കി ഗോളിയെ കബളിപ്പിച്ചു. 86ാം മിനിറ്റില്‍ അര്‍ദ ടുറാന്‍ ബാഴ്‌സക്കായി തന്റെ ആദ്യ ഗോള്‍ നേടി വയ്യകാനോയുടെ നെഞ്ചില്‍ അവസാന ആണിയടിച്ചു. മെസ്സി ഗോള്‍ നേട്ടം 22 ആക്കി ഉയര്‍ത്തി.