12:32PM 22/3/2016
പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍: 1928 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാല്‍വിന്‍ കൂളിഡ്ജ് ക്യൂബ സന്ദര്‍ശിച്ചതിനു ഏകദേശം 88 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റായ ഒബാമ ക്യൂബയില്‍ സന്ദര്‍ശനം നടത്തുന്നത്.
രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അമ്പതു രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഒബാമ ക്യൂബന്‍ സന്ദര്‍ശനത്തിനായി മാര്‍ച്ച് 20 ഞായറാഴ്ച ഹവനായില്‍ എത്തിചേരുന്നു.
ലോകത്തിലെ സൂപ്പര്‍ പവറായ അമേരിക്കയുമായി ദീര്‍ഘകാലം ശീതസമരത്തിലായിരുന്ന ചെറിയ ഐലന്റ് രാഷ്ട്രമായി അറിയപ്പെടുന്ന ക്യൂബ.
മൂന്നുദിവസത്തെ ഹൃസ്വ സന്ദര്‍ശനത്തിനായി എത്തിചേര്‍ന്ന പ്രസിഡന്റ് ഒബാമയെ ക്യൂബന്‍ വിദേശകാര്യ വകുപ്പു മന്ത്രി, യു.എസ്. അംബാസിഡര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനതാവളത്തില്‍ സ്വീകരിച്ചു.
പ്രഥമ വനിത മിഷേല്‍ ഒബാമയുമായി ഹവാനയിലെ ക്യൂബന്‍ എംബസിയിലായിരുന്നു ഒബാമയുടെ ആദ്യസന്ദര്‍ശനം.
ഫിഡല്‍ കാസ്ട്രോയുടെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുമായി 1961 ല്‍ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ച അമേരിക്ക, 2014 ഡിസംബറില്‍ ഒബാമയുടെ ഇടപെടല്‍ മൂലം ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.
ഹവാനയില്‍ എത്തിചേര്‍ന്ന ഒബാമ ഹവാന കത്തീഡ്രല്‍ സന്ദര്‍ശിച്ചു. കര്‍ഡിനാള്‍ ജെയ്മി ഒര്‍ട്ടേഗയുമായി കുറച്ചുസമയം ചിലവഴിച്ചു.
തിങ്കളാഴ്ച റവലൂഷന്‍ പാലസില്‍ ക്യൂബന്‍ പ്രസിഡന്റ് റോള്‍ കാസ്ട്രോയുമായി കൂടി കാഴ്ച നടത്തും.