മുംബൈ- പൂനൈ എക്‌സ്പ്രസ്‌വേയില്‍ വാഹനാപകടം; 17 മരണം

02:15pm 5/6/2016
download (2)

മുംബൈ: വാഹനാപകടത്തില്‍ 17 മരണം. മുംബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ഉണ്ടായ അപകടത്തിലാണ് 17 പേര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചേ 5.30 ഓടെയാണ് അപകടം. അപകടത്തില്‍ മുപ്പതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അമിതവേഗതയില്‍ വന്ന ലക്ഷ്വറി ബസ് വഴിയരികില്‍ നിറുത്തിയിട്ടിരുന്ന കാറുകളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ ബസ് ഇരുപത് അടിയോളം താഴ്ച്ചയിലേക്ക് പതിച്ചു.
മരിച്ചവരില്‍ പത്ത് പേര്‍ സ്ത്രീകളും ആറ് പുരുഷന്മാരും എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുമാണ്. ബസ് സതാരയില്‍ നിന്ന് മുംബേയിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.