അഫ്ഗാനില്‍ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

11:50am 6/6/2016
1465187567_1465187567_gilkey

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദിലുണ്ടായ ആക്രമണത്തില്‍ യു.എസ് ഫോട്ടോജേര്‍ണലിസ്റ്റും വിവര്‍ത്തകനും കൊല്ലപ്പെട്ടു. നാഷണല്‍ പബ്ലിക് റേഡിയോ (എന്‍.പി.ആര്‍) ജീവനക്കാരനായ ഡേവിഡ് ഗില്‍കെ(50)യും വിവര്‍ത്തകന്‍ സബിയുള്ള തമന്ന(38)യുമാണ് കൊല്ലപ്പെട്ടത്. തമന്നയും അഫ്ഗാനിസ്താനിലെ ഒരതു ഫോട്ടോ ജേര്‍ണലിസ്റ്റാണ്. അഫ്ഗാന്‍ സൈന്യത്തിനൊപ്പം സഞ്ചരിക്കവേയുണ്ടായ ആക്രമണത്തില്‍ ഇവരുടെ വാഹനം തകരുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറായ ഒരു അഫ്ഗാന്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
സംഘത്തിലുണ്ടായിരുന്ന എന്‍.പി.ആറിന്റെ മറ്റു രണ്ട് ജീവനക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. മാര്‍ജയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇവരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പതിയിരുന്നയുള്ള ആക്രമണമുണ്ടായത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നടന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും എന്‍.പി.ആറിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഡേവിഡ് ഗില്‍കെയായിരുന്നു. യുദ്ധഭൂമിയിലെ ജനതയുടെ ദുരിതങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ ഗില്‍കെയുണ്ട് പങ്ക് ചെറുതായിരുന്നില്ല. അഫ്ഗാനില്‍ സൈനിക നടപടിയില്‍ അല്ലാതെ കൊല്ലപ്പെടുന്ന ആദ്യ മാധ്യമപ്രവര്‍ത്തകരുമാണ് ഗില്‍കെ.
ജീവന്‍ പണയംവച്ച് യുദ്ധഭൂമിയില്‍ നടത്തിയ മാധ്യമധര്‍മ്മത്തിന് നിരവധി പുരസ്‌കാരങ്ങളും ഗില്‍കെയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇറാഖിലെ യു.എസ് മറൈന്‍ സേവനം റിപ്പോര്‍ട്ട് ചെയ്തതിന് 2007ല്‍ നാഷണല്‍ എമ്മി പുരസ്‌കാരം ലഭിച്ചിരുന്നു. 2011ല്‍ വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍ അസോസിയേഷന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. എബോള ഭീഷണി കാലത്ത് നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനവും നടത്തിയിരുന്നു. യുദ്ധഭൂമിയില്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷം എഡ്‌വേര്‍ഡ് ആര്‍. മ്യൂറോ അവാര്‍ഡും ഗില്‍കെയെ തേടിയെത്തിയിരുന്നു.