ആരാണീ ചാനല്‍ രാജാക്കന്മാര്‍ -ബ്ളെസി

0509pm 01/05/2016
images (5)

ദമ്മാം: ആത്മാര്‍ഥമായ സമീപനം സിനിമക്കാരില്‍ നിന്നുണ്ടാകുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ളെന്ന് സംവിധായകന്‍ ബ്ളെസി. സിനിമക്കാരുടെ രാഷ്ട്രീയത്തെ പിന്തുണക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ അജണ്ടകള്‍ പരിശോധിച്ചാകണം. ഈയിടെ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ‘ഏഴാംകൂലികളായ സിനിമക്കാര്‍ രാഷ്ട്രീയത്തില്‍ വരുന്നു’വെന്ന് ഒരാള്‍ പറയുന്നത് കേട്ടു. സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ വന്നിരിക്കുന്ന ഒരാളാണ്. പേര് പറയുന്നില്ല. ചില തൊഴില്‍ ചെയ്യാന്‍ ചില ആള്‍ക്കാര്‍ മാത്രം എന്നുണ്ടോ. എല്ലാവര്‍ക്കും സാമൂഹിക പ്രതിബദ്ധതയുണ്ട്. വലിയ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും വരെ രാഷ്ട്രീയത്തില്‍ വരുന്നുണ്ട്. അപ്പോള്‍ പിന്നെ സിനിമാക്കാര്‍ വരുന്നതിനെ മാത്രം വലിയ കുഴപ്പം ആയി ചിത്രീകരിക്കേണ്ടതുണ്ടോ. പക്ഷേ, കാഴ്ചപ്പാട് ഉണ്ടാകണം. ഈ സമൂഹത്തെ കുറിച്ച് എനിക്കും ആകുലതകള്‍ ഉണ്ട്. കൊട്ടാരക്കരയില്‍ കടത്തിണ്ണയില്‍ കിടന്ന ബാലികയെ ഒരാള്‍ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് കേട്ടപ്പോഴാണ് ‘കളിമണ്ണ്’ എന്ന സിനിമയുടെ ആശയം എനിക്കുണ്ടാകുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ളവരാണ് ഇവിടത്തെ സിനിമക്കാര്‍. അവരൊയൊക്കെ വെറും ഏഴാംകൂലിയെന്നൊക്കെ പറയാന്‍ ഇവിടത്തെ ചാനല്‍ രാജാക്കന്മാര്‍ ആരാണ്. അസഹിഷ്ണുതയാണ് പൊട്ടിത്തെറികളിലേക്ക് നയിക്കുന്നതെന്നും ബ്ളെസി പറഞ്ഞു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ഥമായി ചെയ്യുന്ന സിനിമകളില്‍ ഒരു ആലോചനയും കൂടാതെ വന്ന് മോശം അഭിപ്രായം പറയുന്നവരോട് ചിലപ്പോള്‍ പ്രതികരിക്കേണ്ടിവരും. മറ്റുള്ളവരുടെ മേല്‍ ഒരു അഭിപ്രായം പറഞ്ഞ് പ്രശസ്തനാകാമെന്നാണ് ചിലരുടെ ചിന്ത. സിനിമയുടെ ഒരു ഫ്രെയിം പോലും കാണാതെ വന്ന് സ്ത്രീയുടെ ശരീരഭാഗം കാണിച്ചുവെന്ന് അങ്ങ് അഭിപ്രായം പറയുകയാണ്. അങ്ങനെയൊക്കെ ചില രാഷ്ട്രീയനേതാക്കള്‍ കേരളത്തില്‍ ഉണ്ടെന്ന് തന്നെ ഞാനറിയുന്നത് ആ സമയത്താണെന്നും ‘കളിമണ്ണ്’ സിനിമക്കെതിരെ ഉയര്‍ന്ന അഭിപ്രായങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
സാധാരണ ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ പ്രതികരിക്കാറില്ല. പക്ഷേ, നമ്മള്‍ ആത്മാര്‍ഥമായി ഒരു സിനിമ ചെയ്ത്, നന്നായിയെന്ന് കരുതിയിരിക്കുമ്പോള്‍ വെറുതെ വന്നുകയറി അതൊന്നുമല്ല എന്ന് പറയുകയാണ്. പലപ്പോഴും പ്രതികരിക്കാതിരിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ കുഴപ്പം. പക്ഷേ, മാധ്യമശ്രദ്ധക്ക് വേണ്ടി ഞാന്‍ മറുപടി പറഞ്ഞിട്ടില്ല. ഒരുകുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പുരുഷന്‍മാര്‍ക്കറിയാമോ, മക്കള്‍ക്കറിയാമോ. അത് അറിയാത്തതുകൊണ്ടല്ളേ അമ്മയുടെ കുളിമുറിയില്‍ പോയി ഫോട്ടോയെടുക്കുന്നത്. അതിനെ കുറിച്ചൊന്നും ഒരു നേതാവും പറയുന്നില്ലല്ളോ. രണ്ടു വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നതും ഈ കേരളത്തിലാണ്. അപ്പോഴൊക്കെ ഈ സാംസ്കാരിക നായകന്മാര്‍ എവിടെയായിരുന്നു?
സമൂഹത്തിന്‍െറ പരിഛേദം തന്നെയാണ് കുടുംബവും. സമൂഹത്തിലുള്ള എല്ലാ പ്രശ്നങ്ങളും കുടുംബത്തിലും പ്രതിഫലിക്കുന്നുണ്ട്. കുടുംബത്തിന്‍െറ ചുറ്റുപാടുകളില്‍ തന്നെ നമുക്ക് സിനിമകളില്‍ സമൂഹത്തെയും സൃഷ്ടിക്കാം. അതിന് ഒരു ആള്‍ക്കൂട്ടത്തെ തന്നെ കാണിക്കണമെന്നില്ല. വ്യക്തികള്‍ കൂടുന്നിടത്താണ് സമൂഹം ഉണ്ടാകുന്നത്. നമുക്ക് നമ്മോട് തന്നെയാണ് ആദ്യം ഇഷ്ടം. പക്ഷേ, കാപട്യം കൊണ്ട് നമ്മള്‍ അതു തുറന്നുപറയുന്നില്ല എന്നേയുള്ളു. ‘പ്രണയം’ മുതല്‍ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും ഇതാണ്. സിനിമയില്‍ നമ്മള്‍ നേരിട്ട് പറയാന്‍ ശ്രമിക്കുന്നതിനപ്പുറത്ത് കാണുന്നവന്‍ അത് സ്വീകരിക്കുന്ന ഒരുതലമുണ്ട്. ‘തന്മാത്ര’ എന്ന സിനിമ അല്‍ഷിമേഴ്സിനെ കുറിച്ചാണ് പറഞ്ഞതെങ്കില്‍പോലും അതുകണ്ട് മദ്യപാനം ഉപേക്ഷിച്ച ഒരാളുണ്ട്. ഭാര്യയെയും മക്കളെയും നഷ്ടപ്പെടുത്തി മദ്യപിച്ച് നടക്കുന്നതിലെ പ്രശ്നം അയാള്‍ക്ക് ഈ സിനിമ കണ്ടപ്പോള്‍ ബോധ്യമായി. ‘ആടുജീവിത’ത്തിന്‍െറ ചിത്രീകരണത്തിന് മുമ്പ് ‘തന്മാത്ര’യുടെ ഹിന്ദി റീമേക്കാണ് ഇപ്പോള്‍ ആലോചനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.