ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ ​ ഹൈകോടതി.

6:33 pm 12/5/2017

ലഖ്​നൊ: ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ അലഹബാദ്​ ഹൈകോടതി. പഴയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ പുതുക്കി നൽകണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരി​​​​െൻറ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍കൗലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അധികാരമേറ്റതിന്​ പിന്നാലെ സംസ്​ഥാനത്ത്​ വ്യാപകമായി അറവുശാലകളും മാംസ വിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു.

എന്നാൽ അനധികൃത അറവ്​ ശാലകൾ മ​ാത്രമാണ്​ പൂട്ടിയതെന്നാണ്​ സർക്കാർ വാദം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ ഒന്ന്​ അറവ്​ ശാലകൾക്ക്​​ നിരോധനമേർ​പ്പെടുത്തുമെന്നതായിരുന്നു.