ഏപ്രില്‍ ഒന്നിന് എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.

09:52 am 24/2/2017
download (6)

ന്യൂഡല്‍ഹി: എസ്.ബി.ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് ഇത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്.ബി.ഐയില്‍ ലയിക്കുന്നത്. ഈ ബാങ്കുകളുടെ ആസ്തി എസ്.ബി.ഐക്ക് കൈമാറും. ലയനം പൂര്‍ത്തിയാകുന്നതോടെ എസ്.ബി.ഐയുടെ മൊത്തം ആസ്തി 37 ലക്ഷം കോടി രൂപയാകും. 22,500 ശാഖകളും 58,000 എ.ടി.എമ്മുകളും 50 കോടി ഉപഭോക്താക്കളും ബാങ്കിനുണ്ടാകും. ശാഖകളില്‍ 191 എണ്ണം 36 വിദേശരാജ്യങ്ങളിലായാണ്. അനുബന്ധ ബാങ്കുകളിലെ ഓഫിസര്‍മാരും ജീവനക്കാരും എസ്.ബി.ഐയുടെ ഭാഗമാകും.
അഞ്ച് അനുബന്ധ ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയാണ്. ലയനത്തിന് പിന്നാലെ ഈ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍നിന്ന് ഡിലിസ്റ്റ് ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂരിന്‍െറ ഓഹരി കൈവശമുള്ളവര്‍ക്ക് 10 ഓഹരിക്ക് 28 എസ്.ബി.ഐ ഓഹരി ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയുടെ 10 ഓഹരിക്ക് 22 എസ്.ബി.ഐ ഓഹരിയും ലഭിക്കും. അനുബന്ധ ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും ഇപ്പോള്‍ ലഭിക്കുന്നതില്‍ കുറയാത്ത ശമ്പളവും ആനുകൂല്യവുമാണ് ലയനപദ്ധതിയില്‍ ഉള്ളത്.
അനുബന്ധ ബാങ്കുകളില്‍നിന്ന് എസ്.ബി.ഐയുടെ ഭാഗമാവുന്നവര്‍ക്ക് വേതനവ്യവസ്ഥ മെച്ചമാവാന്‍ സാധ്യതയുണ്ട്. പങ്കാളിത്ത പ്രോവിഡന്‍റ് ഫണ്ട്, മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ എന്നിവക്ക് അര്‍ഹത ലഭിക്കുമെന്നാണ് സൂചന. അനുബന്ധ ബാങ്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ ഒഴിവാക്കും. ഇത്തരക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എസ്.ബി.ഐക്ക് ഉത്തരവാദിത്തം ഉണ്ടാവില്ളെന്ന് വിജ്ഞാപനത്തിലുണ്ട്.