മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8

09:50 am 24/2/2017
download (11)

ടച്ച് ഐഡിക്കു പകരം മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍ 8 എത്തുന്നതായി റിപ്പോര്‍ട്ട്. ഐ ഫോണിന്‍റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ഈ ഫീച്ചറിന് 3D ഇമേജിങിന്റെ പിന്‍ബലം വേണമെന്നതിനാല്‍ 3D ക്യാമറയും പുതിയ ഫോണില്‍ പ്രതീക്ഷിക്കാം. ഫോണിലെ 2D ക്യാമറകള്‍ ഫോട്ടോയിലെ മുഖത്തെയും തിരിച്ചറിയും. അതിനാല്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ഫോണിനു മുന്നില്‍ ഒരാളുടെ ഫോട്ടോ കാണിച്ചാല്‍ മതി. ഈ സൂരക്ഷാ വീഴ്ച ഒഴിവാക്കാനായി ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡെപ്ത് വിവരവും ശേഖരിക്കുന്ന 3D ഇമേജിങ് ആപ്പിള്‍ പരീക്ഷിച്ചേക്കും.
പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണെങ്കില്‍ 3D സെല്‍ഫിയും കണ്ണിന്റെ കൃഷ്ണമണി തിരിച്ചറിയലും സാധ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് ഗെയ്മിങിലും വന്‍ മാറ്റം ഉണ്ടാക്കാം. ഗെയിം കളിക്കുമ്പോള്‍ കളിക്കുന്ന ആളുടെ മുഖം തന്നെ 3D അവതാറിന്റെ മുഖത്തിനു പകരമായി കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്. ഇതിനു വേണ്ട ഇന്‍ഫ്രാറെഡ് റിസീവര്‍ ഷാര്‍പും ഫോക്‌സ്‌കോണും നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.