കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു.

11:17 am 6/6/2017

പാലക്കാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സയൻ. കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനുശേഷമാണ് പോലീസ് സയനെ അറസ്റ്റ് ചെയ്തത്.

എസ്റ്റേറ്റിലെ ആക്രമണത്തിന് പിന്നാലെ ഒന്നാം പ്രതിയെന്ന് പോലീസ് വ്യക്തമാക്കിയ കനകരാജ് വാഹനാപകടത്തിൽ മരിച്ചിരുന്നു. കനകരാജ് സഞ്ചരിച്ച ബൈക്ക് കാറുമായി ഇടിച്ചായിരുന്നു മരണം. ഇതിന് പിന്നാലെ രണ്ടാം പ്രതിയായ സയനും വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. പാലക്കാട് കണ്ണാടിക്കടുത്ത് ദേശീയപാതയിൽ സയൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ചാണ് തകർന്നത്. അപകടത്തിൽ ഇയാളുടെ ഭാര്യയും മകളും മരിച്ചിരുന്നു.