ചിക്കാഗോ സോഷ്യല്‍ ക്ലബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക്

09:02am 25/4/2016

Newsimg1_10145614
ചിക്കാഗോ: കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന “സ്‌നേഹമന്ദിര’ത്തിലേക്ക്.

മനുഷ്യസ്‌നേഹത്തിന്റേയും കരുണയുടേയും ആള്‍രൂപമായ ബ്രദര്‍ വി.സി. രാജു എന്ന സഹോദരന്‍ ഏതാണ്ട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ കാരുണ്യാലയം “സ്‌നേഹമന്ദിരം’ എന്ന പേരില്‍ അനാഥരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, മാനസീകരോഗികളുമായ ഏതാണ്ട് 325 അന്തേവാസികള്‍ ഈ സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്നുണ്ട്. ഈ സ്‌നേഹമന്ദിരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സോഷ്യല്‍ ക്ലബും പങ്കുചേരുന്നു.

ഹൃസ്വ സന്ദര്‍ശത്തിന് ചിക്കാഗോയില്‍ എത്തിയ ബ്ര. വി.സി രാജുവിനെ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും, പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കുകയും ചെയ്തു.

സ്‌നേഹമന്ദിരത്തിന്റെ പുതിയ പ്രൊജക്ടായ അനാഥര്‍ക്കായുള്ള “Hult’ പണിയുന്നതിനുവേണ്ട ധനസഹായം എക്‌സിക്യൂട്ടീവിന്റേയും, മുന്‍ പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവന്റേയും നേതൃത്വത്തില്‍ ക്ലബ് മെമ്പര്‍മാരില്‍ നിന്നും സമാഹരിച്ച 3000 ഡോളറിന്റെ ചെക്ക് സ്‌നേഹമന്ദിരത്തിന്റെ ഡയറക്ടര്‍ ബ്ര. വി.സി രാജുവിന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി കൈമാറി.

തുടര്‍ന്ന് ബ്ര. വി.സി. രാജു സ്‌നേഹമന്ദിരത്തിന്റെ തുടക്കംമുതലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും, മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ചും വിശദമായി സംസാരിക്കുകയും ഒപ്പം സോഷ്യല്‍ ക്ലബ് നല്‍കിയ സ്‌നേഹോപഹാരത്തിന് നന്ദി പറയുകയും ചെയ്തു.

മനുഷ്യസ്‌നേഹവും മൂല്യബോധവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലുള്ള മനുഷ്യസ്‌നേഹികള്‍ ഉള്ളതുകൊണ്ടായിരിക്കും ഈ പ്രപഞ്ചത്തിന്റെ സന്തുലനാവസ്ഥ തന്നെ നിലനിന്നുപോകുന്നതെന്ന് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് സിബി കദളിമറ്റം സ്വാഗതവും, സെക്രട്ടറി ജോയി നെല്ലാമറ്റം നന്ദിയും പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.