ചില്ലറക്കായി ജനങ്ങൾ നെട്ടോട്ടത്തില്‍; മുൻമന്ത്രിയുടെ മകളുടെ വിവാഹത്തിനൊഴുക്കുന്നത് 500 കോടി

02.49 AM 12/11/2016
SB_assumption_pic1
ബംഗളൂരു: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതൊന്നും കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ ആംഡംബര വിവാഹത്തിന്റെ ഒരുക്കത്തെ ബാധിച്ചിട്ടില്ല. നോട്ടു നിരോധനത്തെ തുടർന്ന് ചില്ലറക്കായി ബംഗളുരുവിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് ആഡംബരത്തിന് കുറവൊന്നുമില്ല. ബംഗളുരു പാലസ് ഗ്രൗണ്ടിൽ കൊട്ടാരത്തിന്റെ മാതൃകയിലുള്ള കല്യാണ പന്തലാണ് ഒരുക്കിയിരിക്കുന്നത്. മകളുടെ വിവാഹത്തിന് റെഡ്ഡി അഞ്ഞൂറ് കോടി രൂപ പൊടിക്കുന്നതായാണ് റിപ്പോർട്ടുകള്‍.
ബംഗളുരുവിലെ പാലസ് ഗ്രൗണ്ടിൽ പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയനഗര സാമാജ്രത്തിലെ സുവർണ കൊട്ടാരത്തിന്റെ മാതൃകയിലുള്ള കല്യാണപന്തലാണ് ഗലി ജനാർദ്ദൻ റെഡ്ഡി മകളുടെ വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമ ദേവദാസിന്റെ സെറ്റ് ഒരുക്കിയവരാണ് കല്യാണപ്പന്തൽ നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിന് മാത്രം 150 കോടി രൂപ ചെലവായതായാണ് വിവരം.
പാലസ് ഗ്രൗണ്ടിലെ ഒരുക്കങ്ങൾ പകർത്തുന്നതിന് നിരോധനമുണ്ട്. ജനാർദ്ദൻ റെഡ്ഡിയുടെ മകൾ ബ്രാഹ്മിണിയും രാജീവ് റെഡ്ഡിയുമായുള്ള വിവാഹത്തിന് അഞ്ചു ലക്ഷം പേരെത്തുമെന്നാണ് കണക്കാക്കുന്നത്. വിവാഹത്തിന് ഒരു ലക്ഷം സഹായികളും രണ്ടായിരത്തി അഞ്ഞൂറ് സൂപ്പർവൈസർമാരും ആയിരം മാനേജർമാരുമുണ്ടാകും.
താനുംകുടുംബവും അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എൽസിഡി കത്ത് നൽകിയാണ് ഈ മുൻ മന്ത്രി മകളുടെ വിവാഹത്തിന് ആൾക്കാരെ ക്ഷണിച്ചത്. അനധികൃത ഖനന കേസിൽ അറസ്റ്റിലായ റെഡ്ഡി നാൽപത് മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.