ട്രംപ് വൈറ്റ് ഹൗസില്‍, ഹിലരി വനത്തില്‍!

08:13 pm 12/11/2016

– പി. പി. ചെറിയാന്‍
Newsimg1_34395391
ന്യൂയോര്‍ക്ക് : വിജയശ്രീലാളിതനായി ഡോണള്‍ഡ് ട്രംപ്, പ്രസിഡന്റ് ഒബാമയുമായി വൈറ്റ് ഹൗസില്‍ സുഹൃദ് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഞെട്ടലില്‍ നിന്നും അല്പം ആശ്വാസം തേടി ഹിലരി ക്ലിന്റന്‍ ചപ്പാക്ക് പാര്‍ക്കില്‍ വളര്‍ത്തുനായയുമായി എത്തിയത്. ന്യൂയോര്‍ക്കിലെ വൃക്ഷ നിബിഡമായ ചപ്പാക്ക് പാര്‍ക്കില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന്‍ പരാജയപ്പെട്ടതിന്റെ കദന ഭാരവും പേറി ഹിലരിയുടെ ആരാധികയായ മാര്‍ഗറ്റ് ഗെര്‍സ്റ്ററും അവിടെ എത്തി ചേര്‍ന്നു.

മാര്‍ഗറ്റ് ഗെര്‍സ്റ്റര്‍ വനത്തില്‍ തന്റെ മകളുമൊത്ത് അല്പ സമയം ചിലവഴിച്ചശേഷം മടങ്ങുന്നതിനുളള ശ്രമത്തിലായിരുന്നു. പെട്ടെന്നാണ് നായയുമായി ഹിലരി മുന്നിലെത്തിയത്. കണ്ണുകള്‍ക്കുപോലും അവിശ്വസനീയമായ സംഭവം ഗെര്‍സ്റ്റര്‍ തന്നെയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിലറിക്കൊപ്പം ക്ലിന്റനും ഉണ്ടായിരുന്നു. ഹിലറിയുമായി മുഖാമുഖം കണ്ടുമുട്ടിയപ്പോള്‍ മനസ്സിലുയര്‍ന്ന ആഹ്ലാദത്തെ വര്‍ണ്ണിക്കുവാന്‍ പോലും വാക്കുകള്‍ ലഭിക്കുന്നില്ല എന്നും ഇവര്‍ കുറിച്ചിട്ടിരിക്കുന്നു.

ഹിലരി തന്റെ ആരാധികയും വോട്ടറുമായ ഗെര്‍സ്റ്ററെ ഒട്ടും നിരാശപ്പെടുത്തിയില്ല. പരസ്പരം ആലിംഗനം ചെയ്യുന്നതിനും ഒരുമിച്ചു ഫോട്ടോ എടുക്കുന്നതിനും മകള്‍ക്ക് ചുംബനം നല്‍കുന്നതിനും തയ്യാറായി. ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നുവെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. തിര!ഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം ബുധനാഴ്ച അനുയായികളെ അഭിസംബോധന ആദ്യമായി പുറത്തു പ്രത്യക്ഷപ്പെട്ടതായിരുന്നു ഹിലറിയും ക്ലിന്റനും.