താന്‍ അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്

07:02pm 29/04/2016
download
അബുദബി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്ക് അബുദബി വിമാനയാത്രക്കിടെ തനിക്ക് ജീവനക്കാരില്‍ നിന്ന് നേരിട്ട ദുരനുഭവം ജിനു യാത്രക്കിടെത്തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിന് പിന്നീലെയാണ് വിമാനം അബുദബിയിലെത്തിയപ്പോള്‍ അറസ്റ്റ് നടന്നതായും അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്ക് വിമാനയാത്ര ചെയ്യേണ്ടി വന്ന തനിക്ക് വിമാനത്തില്‍ നേരിടേണ്ടി വന്നത് ഒന്നിലേറെ ദുരനുഭവങ്ങളാണെന്ന് നടന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്തിരുന്ന താരത്തിനു നേരെ ജീവനക്കാരുടെ കയ്യേറ്റ ശ്രമവുമുണ്ടായി.
സംഭവത്തെക്കുറിച്ച് ജിനു പറയുന്നതിങ്ങനെ. ‘ഉറക്കം വന്നപ്പോള്‍ സീറ്റിന് മുന്നിലുള്ള ടിവി സ്‌ക്രീന്‍ ഓഫ് ചെയ്യാന്‍ നോക്കി സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാരനെ വിളിച്ച് ചോദിച്ചു. അയാള്‍ ഒരു പുതപ്പ് കൊണ്ടുവന്ന് ടിവി സ്‌ക്രീന്‍ മറച്ചുവച്ചു. ഇത് ബിസിനസ്‌ക്ലാസ് ആണ്. അത് അറിയില്ലേ എന്ന് അയാള്‍ ചോദിച്ചു. ഇത് ഞാന്‍ വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എന്റെ ഫോണ്‍ പിടിച്ച് മേടിച്ചു. മാത്രമല്ല അബുദാബിയില്‍ ചെല്ലുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വിമാനത്തിലെ മുതിര്‍ന്ന ജീവനക്കാരും എന്നെ ഭീഷണിപ്പെടുത്താനെത്തി. സാങ്കേതികവിദ്യയുടെ തകരാറെങ്കില്‍ അത് മനസ്സിലാകും. അത് ഭീഷണിയാണെങ്കില്‍ നടക്കില്ല. എന്താണ് !ഞാന്‍ ചെയ്ത കുറ്റം? നേരത്തെ കുറച്ച് വെള്ളം ചോദിച്ചിട്ടു പോലും ലഭിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് എഴുന്നേറ്റ് ചെന്ന് ചോദിച്ചതിന് ശേഷമാണ് വെള്ളം നല്‍കിയതെന്നും ജിനു ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നത് എത്തിഹാദിന് വലിയ കാര്യമല്ലായിരിക്കും. പക്ഷേ ഈ വിമാനക്കമ്പനിയില്‍ എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. രണ്ട് തവണയേ ഞാന്‍ ഇതില്‍ യാത്ര ചെയ്തിട്ടുള്ളൂ. കഴിഞ്ഞ തവണയും എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായി. കാര്യക്ഷമമല്ല നിങ്ങളുടെ സര്‍വീസ്. പലപ്പോഴും വംശീയമായ വേര്‍തിരിവ് നിങ്ങളുടെ പെരുമാറ്റത്തില്‍ കാണാന്‍ സാധിക്കും. ഒരു നല്ല ദിനം ആശംസിക്കുന്നു