നോട്ട് പിന്‍വലിക്കൽ നടപടിയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിക്ക് രൂപം നല്‍കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.

05:08 pm 28/11/2016
images (4)
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കൽ നടപടിയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിക്ക് രൂപം നല്‍കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. അഞ്ച് മുഖ്യമന്ത്രിമാരാണ് സമതിയിലെ അംഗങ്ങള്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അധ്യക്ഷന്‍.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ്​പ്രശ്‌നങ്ങള്‍ വിലിയിരുത്തുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും സമിതിയെ നിയോഗിക്കുന്നത്.

​നോട്ട് പിന്‍വലിക്കല്‍ കേന്ദ്രം ചർച്ചക്ക്​ തയ്യാറാണെന്ന്​ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ എത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എത്തുമെന്നും രാജ്നാഥ് പറഞ്ഞു.

അതേസമയം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ സഭയിൽ അറിയിച്ചിരുന്നു.