ന്യൂയോര്‍ക്ക് നഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസറായി മലയാളി ശ്രീ ശ്രീനിവാസനെ നിയമിച്ചു

11:33am 3/8/2016
Newsimg1_55838280

ന്യൂയോര്‍ക്ക്: നഗരത്തിന്റെ പുതിയ ചീഫ് ഡിജിറ്റല്‍ ഓഫിസറായി മലയാളിയായ ശ്രീ ശ്രീനിവാസനെ (45) നിയമിച്ചു. നഗരത്തിന്റെ കീഴിലുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി ഓഫിസിന്റെ പൂര്‍ണചുമതല ശ്രീയ്ക്കായിരിക്കുമെന്നു പുതിയ നിയമനം പ്രഖ്യാപിച്ചുകൊണ്ടു ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലസിയോ അറിയിച്ചു.­ പൊതുജനസേവനത്തിനും സുതാര്യഭരണത്തിനുമുള്ള സാങ്കേതിക സൗകര്യങ്ങളൊരുക്കുകയാണു ചുമതല.

ഇന്ത്യയുടെ മുന്‍ അംബാസഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസന്റെ മകനാണ്.

നേരത്തേ കൊളംബിയ സര്‍വകലാശാല, മെട്രോപൊലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവയുടെ ആദ്യ ഡിജിറ്റല്‍ ഓഫിസറായിരുന്നു. 20 വര്‍ഷം കൊളംബിയ ജേണലിസം സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം നേടിയ ശ്രീ ജപ്പാനിലാണു ജനിച്ചത്. പിതാവ് ടി.പി.ശ്രീനിവാസന്റെ ജോലിസ്ഥലങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു ലോകത്തിന്റെ പലഭാഗത്തു നിന്നാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സമൂഹമാധ്യമങ്ങളെപ്പറ്റിയുള്ള പ്രഭാഷണ പരമ്പരയ്ക്കായി ഇന്ത്യയിലുള്ള ശ്രീ, ഈ നിയമനം തനിക്കു ലഭിച്ച ബഹുമതിയാണെന്നു പ്രതികരിച്ചു.