ബലാത്സംഗ പരാമര്‍ശത്തെ ന്യായീകരിച്ച് രഞ്ജിത്

08:59 am 28/2/2017

images (2)
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമക്കകത്തും പുറത്തുമുള്ള സ്ത്രീവിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനമുയരുകയാണ്. നടന്‍ പൃഥ്വി രാജും സംവിധായകരുമടക്കം ഇനി സത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനിമകള്‍ ചെയ്യില്ലെന്ന് നിലപാടെത്തു. എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്ന് ഉയരുന്ന എല്ലാ വിമര്‍ശനങ്ങളെയും പുച്ഛിച്ചും ബലാത്സംഗ പരാമര്‍ശങ്ങളെ ന്യായീകരിച്ചും സംവിധായകന്‍ രഞ്ജിത്.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ സംഭാഷണത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് രഞ്ജിത്ത് പരിഹാസവുമായി രംഗത്ത് വന്നത്.
‘കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ’ എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ‘ ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്ന് തിരുത്തിയെഴുതുന്നുവെന്നാണ് രഞ്ജിതിന്റെ പരിഹാസം.
മാതൃഭൂമിയില്‍ പ്രേംചന്ദ് എഴുതിയ’ ലേഖനത്തോടുള്ള പ്രതികരണമായാണ് രഞ്ജിതിന്റെ പരിഹാസം. ലേഖനമെഴുതിയ പ്രേംചന്ദിന്റെ ഭാര്യ ദീദിയുടെ പിതാവ് അന്തരിച്ച ടി ദാമോദരന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് തിരുത്തുമെന്ന ചോദ്യവും രഞ്ജിത് അവജ്ഞയോടെ ഉന്നയിക്കുന്നു.