ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്

09:01 AM 24/09/2016
images (6)
ബ്രസൽസ്: ബലൂചിസ്താനിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ പാർലമെന്‍റ് രംഗത്ത്. ബലൂച് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാഡ് സ്കാർനെക്കി പറഞ്ഞു. പാകിസ്താനുമായി ഉഭയകക്ഷി, സാമ്പത്തിക, രാഷ്ട്രീയ ബന്ധമാണ് യൂറോപ്യൻ പാർലമെന്‍റിനുള്ളത്. ബലൂചിസ്താൻ വിഷയത്തിൽ പാകിസ്താൻ നയം മാറ്റണം. ഇല്ലെങ്കിൽ പാകിസ്താനോടുള്ള യൂറോപ്യൻ പാർലമെന്‍റിന്‍റെ നയത്തിൽ മാറ്റംവരുമെന്നും റിസാഡ് സ്കാർനെക്കി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ബലൂചിസ്താനിൽ അതിക്രൂരമായ നരനായാട്ടാണ് പാകിസ്താൻ നടത്തുന്നത്. ഈ ക്രൂരത അംഗീകരിക്കാൻ സാധിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും. ഇരട്ട മുഖമാണ് പാകിസ്താനുള്ളത്. തങ്ങളോട് തുറന്ന സമീപനത്തോടെയുള്ള മുഖം. എന്നാൽ, ബലൂചികളോട് ക്രൂരതയുടെ മുഖമാണെന്നും റിസാഡ് സ്കാർനെക്കി ചൂണ്ടിക്കാട്ടി.

പാക്​ പ്രവിശ്യയായ ബലൂചിസ്താനിലെ സ്വാതന്ത്രവാദികളെ അനുകൂലിക്കുന്ന പ്രസ്താവനയാണ് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റിൽ നിന്നുണ്ടായത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. മോദി നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ച പാകിസ്താൻ ഇന്ത്യ പരിധി ലംഘിച്ചെന്നാണ് വ്യക്തമാക്കിയത്. ബലൂചിസ്​താൻ റിപബ്ലിക്കൻ പാർട്ടി (ബി. ആർ.പി) നേതാവ്​ ബ്രഹാംദാഗ്​​ ബുഗ്​തിക്ക്​ രാഷ്​ട്രീയ അഭയം നൽകുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബലൂചി സമസ്യക്ക് ഇന്ത്യാ, പാക് സ്വാതന്ത്ര്യത്തോടൊപ്പം പഴക്കമുണ്ട്. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ബലൂചിസ്താന്‍. 1947ല്‍ ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ മീര്‍ സര്‍ അഹ്മദ് യാര്‍ഖാന്‍ ആയിരുന്നു ബലൂച് ഭരിച്ചിരുന്നത്. കശ്മീരിലെ ഹരി സിങ് രാജാവിനെ പോലെ സ്വതന്ത്ര, പരമാധികാര രാജ്യമായി നില്‍ക്കാനാണ് യാര്‍ ഖാന്‍ ആഗ്രഹിച്ചത്. പക്ഷേ, മുഹമ്മദലി ജിന്ന നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. 1948ല്‍ പാക് സേന കടന്നുകയറി ബലൂചിസ്താന്‍ പിടിച്ചെടുത്തു. അന്ന് തൊട്ട് ബലൂചി ദേശീയബോധമാണ് ഒരു വിഭാഗത്തെ പ്രക്ഷോഭത്തിന്‍െറ മാര്‍ഗത്തില്‍ കൊണ്ടെത്തിച്ചത്.