ബ്രസീല്‍ Vs അര്‍ജന്‍റീന ലോകകപ്പ് യോഗ്യതാ പോരാട്ടം നാളെ

12:14 pm 10/11/2016
download (3)
ബെലോ ഹൊറിസോണ്ടെ: തെക്കുകിഴക്കന്‍ ബ്രസീലിന്‍െറ തലസ്ഥാന നഗരിയായ ബെലോ ഹൊറിസോണ്ടെയിലെ മിനീറോ സ്റ്റേഡിയം. ബ്രസീല്‍ ആരാധകരുടെ മനസ്സിനെ വിടാതെ വേട്ടയാടുന്ന ‘ഹൊറര്‍’ ചിത്രമാണ് ഹൊറിസോണ്ടെ. സ്വന്തം മണ്ണില്‍ ലോക ചാമ്പ്യന്മാരാവാനൊരുങ്ങിയ 2014 ലോകകപ്പ് സെമിയില്‍ ജര്‍മനി സമ്മാനിച്ച ‘കാളരാത്രി’യുടെ വേദി. 7-1ന് സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ തോറ്റമ്പിയതിന്‍െറ നാണക്കേട് ഒളിമ്പിക്സ് സ്വര്‍ണനേട്ടം കൊണ്ടൊന്നും മാറിയിട്ടില്ല. 2014 ജൂലൈ എട്ടിന്‍െറ ആ ദുരന്ത ചിത്രത്തിനുശേഷം ബ്രസീല്‍ വീണ്ടും മിനീറോയുടെ പച്ചപ്പുല്ലില്‍ ഇറങ്ങുകയാണ്. തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോരാട്ടത്തില്‍ എതിരാളി, പാരമ്പര്യ വൈരികളായ അര്‍ജന്‍റീന. കായിക ലോകത്തെ ഏറ്റവും വീറുറ്റ വൈരം മൈതാനത്തുനിന്നും സിരകളിലേക്ക് പകര്‍ന്നാടുന്ന നിമിഷം. ഫുട്ബാളിലെ ബ്രസീല്‍-അര്‍ജന്‍റീന പോരിനോളം വരില്ല കളിമൈതാനത്തെ മറ്റൊരു വൈരവും. അതുകൊണ്ടുതന്നെ, അര്‍ജന്‍റീനയെ ജയിച്ച് ബെലോ ഹൊറിസോണ്ടെയിലെ ദുരന്ത ഓര്‍മകള്‍ മറക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍.

നെയ്മര്‍ x ലയണല്‍ മെസ്സി
ബാഴ്സലോണയിലെ കൂട്ടുകാര്‍ പരസ്പരം പടനയിക്കുന്ന പോരാട്ടം കൂടിയാവും വെള്ളിയാഴ്ച പുലര്‍ച്ചെയിലെ മത്സരം. നെയ്മറാണ് ബ്രസീലിന്‍െറ കരുത്ത്. ഒപ്പം ഒരുപിടി യുവതാരങ്ങളും. കഴിഞ്ഞ ലോകകപ്പില്‍ കണ്ട മഞ്ഞപ്പടയില്‍നിന്ന് അടിമുടി മാറിയാണ് വരവ്. പുതിയ പരിശീലകന്‍ ടിറ്റെയുടെ ശിക്ഷണം. സെന്‍റര്‍ ഫോര്‍വേഡില്‍ ഗബ്രിയേല്‍ ജീസസ് എന്ന കൗമാരക്കാരന്‍െറ ഉദയം. കഴിഞ്ഞ നാലു കളിയില്‍ നാല് ഗോള്‍ നേടിക്കഴിഞ്ഞു ഈ 19കാരന്‍. ലിവര്‍പൂള്‍ താരം ഫിലിപ് കൗടീന്യോക്കും മുന്‍നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ‘7-1’ ദുരന്ത സംഘത്തിലെ മൂന്ന് പേര്‍ക്കൂടി ബ്രസീല്‍ ടീമിലുണ്ട്. മാഴ്സലോ, ഫെര്‍ണാണ്ടിന്യോ, പൗളീന്യോ എന്നിവര്‍. നെയ്മര്‍ പരിക്കുകാരണം കളിച്ചിരുന്നില്ല.

പരിക്ക് മാറിയത്തെുന്ന ലയണല്‍ മെസ്സിയാണ് അര്‍ജന്‍റീനയുടെ കരുത്ത്. കഴിഞ്ഞ മൂന്ന് കളിയില്‍ മെസ്സിയില്ലാതെയിറങ്ങിയ അര്‍ജന്‍റീന ഒരു തോല്‍വിയും രണ്ട് സമനിലയും വഴങ്ങി പോയന്‍റ് പട്ടികയിലും പിന്തള്ളപ്പെട്ടു. സെര്‍ജിയോ അഗ്യൂറോ, പാബ്ളോ സബലേറ്റോ, യാവിയര്‍ മഷറാനോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, നികളസ് ഒടമെന്‍ഡി തുടങ്ങിയ താരസാന്നിധ്യവുമായി ടീം റെഡി. ഇരുവരും 102 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. 39 ജയവുമായി കണക്കുകളില്‍ നേരിയ മുന്‍തൂക്കം ബ്രസീലിനാണ്. അര്‍ജന്‍റീനക്ക് 37 ജയവും. 26 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

മറ്റു മത്സരങ്ങളില്‍ കൊളംബിയ, ചിലിയെയും ഉറുഗ്വായ്, എക്വഡോറിനെയും പരഗ്വേ, പെറുവിനെയും വെനിസ്വേല, ബൊളീവിയയെയും നേരിടും. 10 കളി കഴിഞ്ഞപ്പോള്‍ പോയന്‍റ് പട്ടികയില്‍ ബ്രസീലാണ് (21) ഒന്നാമത്. ഉറുഗ്വായ് (20), എക്വഡോര്‍ (17), കൊളംബിയ (17) എന്നിവര്‍ ആദ്യ നാലു സ്ഥാനങ്ങളില്‍. 16 പോയന്‍റുമായി അഞ്ചാമതുള്ള അര്‍ജന്‍റീനക്ക് തിരിച്ചുവരവിന് വിജയം അനിവാര്യമാണ്.