മതസംഘടനകള്‍ കൂടുതല്‍ സമൂഹ സൗഹൃദമാകണം: കെ.എച്ച്.എന്‍.എ

09.58 PM 28-07-2016
khna_pic1
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: പ്രാചീന സമൂഹത്തില്‍ രൂപംകൊണ്ട മതവിശ്വാസങ്ങള്‍ ശാസ്ത്രലോകം കൈവരിച്ച അറിവുകള്‍ സ്വാംശീകരിച്ച് കൂടുതല്‍ സമൂഹസൗഹൃദമാകണമെന്നു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. മിസോറി, സെന്റ് ലൂയീസ് ഹൈന്ദവ കൂട്ടായ്മയായ ‘ഓങ്കാരം’ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരാണിക വിശ്വാസങ്ങളിലെ പതിരുകള്‍ ആധുനിക ശാസ്ത്രം അനാവരണം ചെയ്യുമ്പോള്‍ സഹിഷ്ണുതയോടെ സംവദിക്കാനുള്ള ആശയദൗര്‍ലഭ്യം നേരിടുന്ന സംഘടിത മതവിഭാഗങ്ങള്‍ മനുഷ്യത്വരഹിതമായ ആക്രമണങ്ങളിലൂടെയും, വ്യാജ പ്രലോഭനങ്ങളിലൂടെയും തങ്ങളുടെ ചേരിയിലേക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുന്നതാണ് ലോക സമാധാനം നേരിടുന്ന ഭീഷണി. എല്ലാ വിശ്വാസങ്ങളേയും ഉള്‍ക്കൊള്ളാനും, സൗഹൃദ സംവാദനങ്ങളിലേര്‍പ്പെടാനും ഭാരതീയ ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ശ്രീശങ്കരനും, സ്വാമി വിവേകാനന്ദനും അങ്ങനെയാണ് മതത്തിന്റെ മൗലികതകളെ ഭേദിച്ച് പാശ്ചാത്യലോകത്തു പോലും ചിരപ്രതിഷ്ഠ നേടിയത്. മതാതീതമായ ആദ്ധ്യാത്മികതയും, മാനവീകതയും ഉയര്‍ത്തിപ്പിടിക്കുന്ന വൈദീക ദര്‍ശനങ്ങള്‍ സമകാലീന സമൂഹത്തിനു പരിചയപ്പെടുത്തുവാന്‍ എല്ലാ ഹൈന്ദവ കൂട്ടായ്മകളും തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ലോക ഹൈന്ദവ സംഗമത്തില്‍ ഭാരതീയ സംഹിതകളിലെ വിശ്വദര്‍ശനത്തെ സംബന്ധിക്കുന്ന ലോകാരാധ്യരായ പ്രതിഭകള്‍ പങ്കെടുക്കുന്ന സമീക്ഷകളും, മലയാള സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന താരസംഗമവും, അമേരിക്കന്‍ തൊഴില്‍രംഗത്തെ സാധ്യതകളും, വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന പ്രൊഫഷണല്‍ കൂട്ടായ്മകളും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും, കുടുംബബന്ധങ്ങളും ചര്‍ച്ച ചെയ്യുന്ന യുവജന- വനിതാ സമ്മേളനങ്ങളും, ക്ഷേത്രകലകളും, പാശ്ചാത്യസംഗീതവും സമന്വയിക്കുന്ന സംഗീതനിശയും തയാറായിവരുന്നതായി രജിസ്‌ട്രേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്ററും, ഡയറക്ടറുമായ അരവിന്ദ് പിള്ള സമ്മേളനത്തെ അറിയിച്ചു.

നാഷണല്‍ കണ്‍വന്‍ഷന്റെ നാന്ദികുറിച്ചുകൊണ്ട് മിഡ്‌വെസ്റ്റ് മേഖലയിലുള്ള മുഴുവന്‍ ഹിന്ദു സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്‌ടോബര്‍ എട്ടിനു ഷിക്കാഗോയില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനെ സംബന്ധിച്ച് റീജണല്‍ വൈസ് പ്രസിഡന്റ് പ്രസന്നന്‍ പിള്ള വിശദീകരിച്ചു.

തുടര്‍ന്ന് സംസാരിച്ച വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഡോ. സുനിതാ നായര്‍ വളര്‍ന്നുവരുന്ന തലമുറയെ മാതൃത്വത്തിന്റെ മഹിമകൊണ്ട് വൈകാരികമായി ശക്തിപ്പെടുത്താന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും, പഠനപരവും, തൊഴില്‍പരവുമായ വ്യവഹാര വിരസതകള്‍ പരിഹരിക്കാനുള്ള ഊഷ്മള കേന്ദ്രങ്ങളായി കുടുംബങ്ങള്‍ മാറണമെന്നും അഭിപ്രായപ്പെട്ടു.

ഭാരതീയ സര്‍വ്വലോക സാഹോദര്യത്തിന്റെ സന്ദേശമുയര്‍ന്ന ഷിക്കാഗോയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ മഹേഷ് കൃഷ്ണന്‍ വിശദീകരിച്ചു.

ഡിട്രോയിറ്റ് കണ്‍വന്‍ഷന്റെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ചും അമേരിക്കയിലെ ഹൈന്ദവ ദര്‍ശന ശാക്തീകരണത്തെ സംബന്ധിച്ചും നടന്ന ചര്‍ച്ചകള്‍ക്ക് ഡോ. രവീന്ദ്രനാഥ്, ഓങ്കാരം മുന്‍ പ്രസിഡന്റ് നടേശന്‍ മാധവന്‍ എന്നിവര്‍ തുടക്കംകുറിക്കുകയും, വനിതാവേദി ദേശീയ സമിതയംഗം ലതാ ഉണ്ണി, മുന്‍ സെക്രട്ടറി പ്രസാദ് മലമേല്‍, ഒങ്കാരം ചെയര്‍മാന്‍ വിമല്‍ നായര്‍, അഞ്ജന പ്രയാഗ, വിനോദ് മേനോന്‍, രാജ് ഉണ്ണി എന്നിവര്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

സമ്മേളനത്തില്‍ പങ്കെടുത്തവരെ ഡയറക്ടര്‍ സുധീര്‍ പ്രയാഗ സ്വാഗതം ചെയ്യുകയും, ഒങ്കാരം പ്രസിഡന്റ് മധു മാധവന്‍ നന്ദി അറിയിക്കുകയും ചെയ്തു.