മാധ്യമശ്രീ അവാര്‍ഡിന് പ്രവാസി ചാനലിന്റെ അഭിവാദ്യങ്ങള്‍.

11:34 am 16/11/2106

Newsimg1_95626795
ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റ് വഴി ഐ.പി. ടിവി പ്ലാറ്റ് ഫോമിലൂടെ ലോകമെങ്ങും വാര്‍ത്തകളും വിശേഷങ്ങളും ദൃശ്യങ്ങളും ലഭ്യമാകുന്ന പ്രവാസി ചാനല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പ്രാവാസികള്‍ തന്നെ രൂപംകൊടുത്ത ചാനല്‍ എന്ന ബഹുമതിക്കര്‍ഹമായ പ്രവാസി ചാനല്‍ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രോഗ്രാമുകള്‍കൊണ്ട് ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയില്‍ അരങ്ങേറുന്ന ഓരോ മലയാളി പരിപാടികളുടെയും ദൃശ്യഭാഷ്യം വിട്ടുകളയാതെ ചാനല്‍ പ്രദര്‍ശിപ്പിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന ചാനല്‍ പ്രധാന സംഭവങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു. ബ്രേക്കിംഗ് ന്യൂസ് ആകട്ടെ വന്‍കിട ചാനലുകള്‍ക്കൊപ്പം ജനങ്ങളിലെത്തിക്കാനും മുന്നിലാണ്.

നവംബര്‍ 19ന് ഹൂസ്റ്റണ്‍ ഇന്ത്യാ ഹൗസില്‍ നടക്കുന്ന മാധ്യമ ശ്രീ പുരസ്കാര ദാന ചടങ്ങിന്റെ പ്രായോജകരായി പ്രവാസി ചാനലും അണിയറയിലുണ്ട്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളായി രൂപംകൊണ്ട മലയാളം ഐ.പി ടിവിയും ബോം ടി.വിയും ഒന്നായതോടെ കൂടുതല്‍ മികവുറ്റ പരിപാടികള്‍ അവതരിപ്പിക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. ഈടുറ്റ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ ചുരുക്കം ജോലിക്കാരുള്ള പ്രവാസി ചാനലിനു കഴിയുന്നത് ഈ രംഗത്തോടുള്ള അര്‍പ്പണബോധത്തിന്റെ പ്രതിഫലനമാണ്. സാമ്പത്തികനേട്ടങ്ങള്‍ക്കുപരി ജനങ്ങള്‍ക്ക് മികച്ച പരിപാടികള്‍ ലഭ്യമാക്കാനും, വാര്‍ത്തകള്‍ തത്സമയം അറിയിക്കാനും ഇവര്‍ രംഗത്തുണ്ട്.
ലോകത്ത് എവിടെയും ലഭ്യമാണെങ്കിലും ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഓഫീസുകള്‍ തുടങ്ങുകയും പ്രാദേശിക പരിപാടികള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചാനലിന്റെ അടുത്ത ദൗത്യം.

ടെലിവിഷന്‍ രംഗത്ത് 18 വര്‍ഷത്തിലേറെ പരിചയമുള്ള ജില്ലി സാമുവേല്‍ ആണ് പ്രവാസി ചാനലിന്റെ ചീഫ് പ്രൊഡ്യൂസറും എഡിറ്ററും. ദൂരദര്‍ശനിലും സഹാറാ ടിവിയിലും നേതൃരംഗങ്ങളില്‍ പ്രവര്‍ത്തിച്ച ജില്ലി സാമുവേല്‍ ദൂരദര്‍ശനിലെ ഹിറ്റ് പ്രോഗ്രാം ‘സുരഭി’യുടെ ചിത്രീകരണത്തിനായി ഇന്ത്യയുടെ മിക്കവാറുമെല്ലാ ഭാഗങ്ങളിലും ചെന്നെത്തുകയുണ്ടായി. മറ്റു പ്രവര്‍ത്തകരും പരിചയസമ്പന്നര്‍ തന്നെ.
ന്യൂജേഴ്‌സി പിസ്കാറ്റ് വേയിലുള്ള ചാനല്‍ ഓഫീസില്‍ 3000 സ്ക്വയര്‍ഫീറ്റിലുള്ള സ്റ്റുഡിയോ, എഡിറ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയുമുണ്ട്. ചിക്കാഗോ, ഡാളസ്, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലും സ്റ്റുഡിയോ സൗകര്യങ്ങളുമുണ്ട്. മലയാളികളുള്ള മിക്കവാറുമെല്ലാ നഗരങ്ങളിലും പ്രതിനിധികളുമുണ്ട്.
ടോക്ക് ഷോകള്‍, സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍, അമേരിക്കന്‍ സല്ലാപം പോലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കോള്‍ ഇന്‍ പ്രോഗ്രാമുകള്‍, ഗാനങ്ങളെ അധികരിച്ചുള്ള രാഗാര്‍ദ്രം, ഹൃദയരാഗം, മുഖാമുഖം, ചമയങ്ങളില്ലാതെ, നക്ഷത്രമൊഴികള്‍, കോമഡി ഷോകള്‍, തമിഴ് പ്രോഗ്രാം, ഇസൈ മലര്‍, ഗ്രേറ്റ് ഇന്ത്യന്‍ വെഡ്ഡിംഗ്, പാചകലോകം, പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, പ്രവാസികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളുടെ ഗൗരവതരമായ ചര്‍ച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്ന “നമസ്കാരം അമേരിക്ക’ തുടങ്ങി വിവിധ പരിപരാടികളാണ് ചാനലിനെ ജനകീയമാക്കുന്നത്.

2015 ല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ചാനല്‍ തെരഞ്ഞെടുത്ത പ്രമുഖ അമേരിക്കന്‍ മലയാളിക്ക് നല്‍കിയ നാമി അവാര്‍ഡ് വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

പ്രവര്‍ത്തന മികവിന് കാഴ്ചക്കാരുടെയും കേള്‍വിക്കാരുടെയും അകമഴിഞ്ഞ പ്രശംസ പിടിച്ചുപറ്റിയ ഈ ചാനല്‍ ശുഭാശംസകളോടെ മാധ്യമശ്രീ അവാര്‍ഡ് സമ്മേളനം തികഞ്ഞ ആദരവോടെ ജനങ്ങളിലെത്തിക്കുന്നു.