മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം

07:40 am 28/6/2017

ബാഗ്ദാദ്: മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം. നാളുകളായി ഐഎസ് നിയന്ത്രണത്തിലായിരുന്നു ഈ പ്രാചീന നഗരം. ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും കെട്ടിടങ്ങളുടെ മുകളിൽ ഇറാക്കിന്‍റെ ദേശീയ പതാക നാട്ടിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇറാക്കിലെ മറ്റൊരു നഗരമായ അൽഫാറൂക്ക് സ്വതന്ത്രമാക്കിയെന്ന് തിങ്കളാഴ്ച സൈനിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൽമഷാദ നഗരവും സൈന്യം തിരിച്ചുപിടിച്ചത്. മൊസൂളിൽ ഇനി 200ൽ താഴെ മാത്രം ഐഎസ് ഭീകരരെ ഉള്ളുവെന്നും ബാക്കിയുള്ളവരെ ഇവിടെ നിന്ന് തുരത്തി എന്നും സൈന്യം അറിയിച്ചു. 2016 ഒക്ടോബറിലാണ്, ഐഎസ് പിടിച്ചെടുത്ത മൊസൂൾ തിരിച്ചുപിടിക്കാൻ സൈന്യം നടപടികൾ ആരംഭിച്ചത്.

നേരത്തെ, മൊസൂളിന്‍റെ നിയന്ത്രണം ദിവസങ്ങൾക്കുള്ളിൽ പൂർണമായും തിരിച്ചു പിടിക്കാനാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അബാദി വ്യക്തമാക്കിയിരുന്നു.