മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍.

04:26 am 7/11/2016

images (1)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂറിസം മന്ത്രാലയത്തിന്റെ പ്രചാരണ പരിപാടിയായ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ യുടെ ബ്രാന്‍ഡ് അംബാസഡറാകും. അംബാസഡര്‍ സ്ഥാനത്തേക്ക് വരാന്‍ ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്ന്‌സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ നേരത്തേ പ്രസ്താവിച്ചിരുന്നു.

വിവിധ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. വിദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ മുഖമാകാന്‍ ബോളിവുഡ് താരങ്ങളെ ആവശ്യമില്ല.

ഇന്ത്യയിലും വിദേശത്തുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ടൂറിസവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുമെന്നും ഒന്നരമാസത്തിനുള്ളില്‍ പ്രചാരണ വിഡിയോ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ബോളിവിഡ് താരം അമിതാഭ് ബച്ചനെ സര്‍ക്കാര്‍ ഈ സ്?ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തിയ പാനമ പേപ്പറുകളില്‍ ബച്ചനും ഉള്‍പ്പെട്ടതോടെ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

അസഹിഷ്ണുത പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന്മുമ്പ് ബ്രാന്‍ഡ് അംബാസിഡറായിരുന്ന ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള കരാര്‍ സര്‍ക്കാര്‍ പുതുക്കിയിരുന്നില്ല.