ലാഹോറിലെ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു

28-03-2016
2016march28lahore_blast
പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തിരക്കേറിയ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.
ലാഹോര്‍ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇഖ്ബാല്‍ ടൗണ്‍ എന്ന പ്രദേശത്തെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ വൈകുന്നേരം 6.40നു ചാവേര്‍ ബോംബ് പൊട്ടിച്ചത്. പാര്‍ക്കിന്റെ ഒരു പ്രവേശനകവാടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം.
പത്തു കിലോഗ്രാം സ്‌ഫോടകവസ്തു ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നു ലാഹോര്‍ ഡി.ഐ.ജി ഹൈദര്‍ അഷ്‌റഫ് പറഞ്ഞു. ആക്രമണം ക്രൈസ്തവരെ ലക്ഷ്യം വച്ചായിരുന്നില്ലെന്നും എല്ലാ വിഭാഗക്കാരും വരുന്ന പാര്‍ക്കാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഇഖ്ബാല്‍ ടൗണ്‍ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇഖ്ബാല്‍ ഇതു ചാവേര്‍ ആക്രമണമാണെന്നു പറഞ്ഞു. പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്.
അവധി ദിവസമായതിനാല്‍ പതിവിലേറെ ആള്‍ക്കാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു. നഗരത്തിലെ സമ്പന്നരുടെ മേഖലയിലാണു പാര്‍ക്ക്. അതിനാല്‍ വാഹനത്തിരക്കും കൂടുതലായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാഷ്ട്രീയ തട്ടകമായ ലാഹോറിലെ സ്‌ഫോടനം ഷരീഫിനു രാഷ്ട്രീയ ആഘാതം കൂടിയാകും. 2014ല്‍ ഒരു പഞ്ചാബ് മന്ത്രി തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ വീടും തകര്‍ത്തു.
കുട്ടികളുടെ ഊഞ്ഞാലുകള്‍ ഉള്ള സ്ഥലത്തുനിന്ന് ഏതാനും അടി അകലെയാണു ചാവേര്‍ പൊട്ടിത്തെറിച്ചത്. ഊഞ്ഞാലില്‍ ആടിയിരുന്ന കുട്ടികള്‍ തെറിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ചോരക്കളത്തില്‍ ജഡങ്ങളും ജഡഭാഗങ്ങളും ചിതറിക്കിടക്കുകയായിരുന്നു. നഗരത്തിലെ പ്രധാന ആശുപത്രികളായ ജിന്നാ, ഷെയ്ക് സയീദ് തുടങ്ങിയവയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ലാഹോര്‍ സ്‌ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നവാസ് ഷരീഫുമായി ഫോണില്‍ സംസാരിച്ചു.