സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാഹനത്തില്‍ നിന്ന്‌ 91 ലക്ഷം രൂപ പിടികൂടി.

03:20 PM 18/11/2016

download (1)

മുംബൈ: മഹാരാഷ്ട്രയിലെ സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാഹനത്തില്‍ നിന്ന്‌ 91 ലക്ഷം രൂപ പിടികൂടി. തെക്കന്‍ സോളാപൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുഭാഷ് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന്റെ വാഹനത്തില്‍നിന്നാണ് 91 ലക്ഷം രൂപ പിടിച്ചെടുത്തത്.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലോകമംഗള്‍ എന്ന സഹകരണ ബാങ്കിന്‍റെ വാഹനത്തില്‍നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തത്. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍അസാധുവാക്കപ്പെട്ട 1,000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ല. മന്ത്രി സ്ഥലത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

സുഭാഷ് ദേശ്മുഖിന്റെ കള്ളപ്പണമാണ് വാഹനത്തില്‍ നിന്ന് പിടികൂടിയതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍.സി.പിയും ആരോപിച്ചു.പണം പിടികൂടിയ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയോട് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ ധന ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്. സുഭാഷ് ദേശ്മുഖ് കള്ളപ്പണം കൈവശം വെച്ചതായി തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രിയുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിച്ചാല്‍ കള്ളപ്പണം സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കുകയും അന്വേഷണം നേരിടുകയും ചെയ്യണമെന്നാണ് ആവശ്യം.

മഹാരാഷ്ട്രയിലെ ബിജെപി നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും കഴിഞ്ഞ ആറു മാസത്തിനിടയിലെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.